കർത്താവായ യേശുക്രിസ്തുവിന്റെ ക്രൂശ് മരണവും അതിലൂടെ മനുഷ്യന് ലഭിക്കുന്ന പാപമോചനവും അനവധി തവണയായി ക്രൈസ്തവ ലോകം ചർച്ച ചെയ്തതും ചെയ്തുകൊണ്ടിരിക്കുന്നതുമായ പ്രധാനപ്പെട്ട വിഷയമാണ്.
അതിന്റെ ചുരുക്കം ഇങ്ങനെയാണ്; പാപത്തിൽ നിന്നുള്ള മോചനത്തിനുവേണ്ടി ദൈവം തന്റെ സ്വന്തപുത്രനെ ലോകത്തിലേക്ക് അയച്ചു മനുഷ്യരാശിയുടെ മുകളിൽ അധികാരിയായിരുന്ന പിശാചിന്റെ കർത്തൃത്വം കുരിശിലെ യാഗത്താൽ സ്വന്തരക്തം നൽകി നീക്കം ചെയ്തു. ഇതിൽ വിശ്വസിക്കുന്ന ഏതൊരു മനുഷ്യനും നിത്യജീവൻ ഉണ്ട് എന്ന് ക്രൈസ്തവ ലോകം പൊതുവെ വിശ്വസിക്കുന്നു.
എന്നാൽ അവിടം കൊണ്ട് തീരുന്ന ഒന്നല്ല ക്രൈസ്തവ വിശ്വാസം എന്നുള്ളത്. എങ്ങനെയാണ് കുരിശിലെ സംഭവം മനുഷ്യനെ പാപത്തിൽ നിന്നും വിടുവിക്കുന്നത് എന്നും പാപകർത്തൃത്വത്തിൽ നിന്നും മോചനം ലഭിച്ച മനുഷ്യൻ പാപം വിട്ടൊഴിഞ്ഞുള്ള ജീവിതം നയിക്കേണ്ടത് എപ്രകാരമാണെന്നും മനസ്സിലാക്കേണ്ടതുണ്ട്.
ഈ ചെറുലേഖനത്തിന്റെ തലക്കെട്ട് ശ്രദ്ധിച്ചുവല്ലോ! അധർമ്മികളോടൊപ്പമുള്ള യേശുവിന്റെ ക്രൂശ് മരണം എന്നാണല്ലോ അത്. അതിലേക്കു കടക്കുന്നതിനു മുൻപായി ക്രൂശ് മരണത്തിൽ മനുഷ്യൻ പങ്കാളിയാകുന്നത് എങ്ങനെ എന്ന് കൂടി നോക്കേണ്ടതുണ്ട്. തീർച്ചയായും, മനുഷ്യന്റെ പങ്കാളിത്തം ദൈവം വിലമതിക്കുന്നു.
ദൈവത്തിൽ നിന്നും ദാനമായി ലഭിക്കുന്ന രക്ഷയിൽ മനുഷ്യന്റെ പങ്കാളിത്തം എന്താണ്? നമുക്ക് വചനം തന്നെ അതിനായി പരിശോധിക്കാം.
കൃപയാലല്ലോ നിങ്ങൾ വിശ്വാസംമൂലം രക്ഷിക്കപ്പെട്ടിരിക്കുന്നതു; അതിന്നും നിങ്ങൾ കാരണമല്ല; ദൈവത്തിന്റെ ദാനമത്രേയാകുന്നു. (എഫെസ്യർ 2:8)
ദാനമായി ദൈവത്തിന്റെ പക്കൽ നിന്നും മനുഷ്യർക്ക് ലഭിച്ചിരിക്കുന്ന ഇത്ര വലിയ രക്ഷ വിശ്വാസംമൂലം നാം ആ മഹത്തായ ദൈവീക പദ്ധതിയിൽ ഉൾപ്പെടുകയാണ് ചെയ്യുന്നത്. പലവിധ ജീവിത സാഹചര്യങ്ങളിൽ കൂടി കടന്നു പോകുന്ന മനുഷ്യൻ, തന്റെ വിശ്വാസത്തിൽ മുറുകെ പിടിച്ചുകൊണ്ടു, അതിനനുസരിച്ച പ്രവൃർത്തിയാൽ തന്റെ വിശ്വാസത്തിനു പൂർണ്ണത വരുത്തുന്നു.
അപ്പോൾ എന്താണ് നമ്മുടെ വിശ്വാസം? നമ്മുടെ വിശ്വാസം ക്രിസ്തുയേശുവിൽ പാപം മോചിക്കപ്പെട്ടു എന്നുള്ളതാണ്. അതിൽ അധർമ്മത്തിനു അടിമയായിരുന്ന നാം ക്രിസ്തുവിനോട് കൂടെ വിശ്വാസത്താൽ നമ്മുടെ പഴയ അധർമ്മ മനുഷ്യനെ ക്രൂശിച്ചു കൊന്നു എന്നുള്ളതാണ്. അത് ആക്ഷരീയമായ ഒന്നല്ല, മറിച്ച് നാം കാണാത്ത ഒരു കാര്യത്തിന്റെ ഉറപ്പ് മാത്രമാകുന്നു. അതായതു നാം അങ്ങനെ വിശ്വസിക്കുന്നു എന്നുള്ളതാണ്!
വചനം ഇങ്ങനെ എഴുതിയിരിക്കുന്നത് നാം കാണുന്നു:
നാം ഇനി പാപത്തിന്നു അടിമപ്പെടാതവണ്ണം പാപശരീരത്തിന്നു നീക്കം വരേണ്ടതിന്നു നമ്മുടെ പഴയ മനുഷ്യൻ അവനോടുകൂടെ ക്രൂശിക്കപ്പെട്ടു എന്നു നാം അറിയുന്നു. അങ്ങനെ മരിച്ചവൻ പാപത്തിൽ നിന്നു മോചനം പ്രാപിച്ചിരിക്കുന്നു. (റോമർ 6:6-7)
ഇവിടെ, പഴയ മനുഷ്യൻ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് പാപത്തിന് ദാസനാക്കപ്പെട്ട നമ്മെക്കുറിച്ചുതന്നെയാണ്. അവൻ വസിക്കുന്നതാകട്ടെ പാപം (പിശാച്) കർത്തൃത്വം നടത്തിക്കൊണ്ടിരിക്കുന്ന ഒരു ശരീരത്തിലാണ്. വചനം അതിനെ പാപ ശരീരം എന്ന് വിശേഷിപ്പിക്കുന്നു. അങ്ങനെ ആ പഴയ മനുഷ്യൻ തന്റെ പാപശരീരത്തോട് കൂടി പാപമാക്കപ്പെട്ട ക്രിസ്തുവിനോടൊപ്പം ക്രൂശിക്കപ്പെട്ടതായി കാണുന്നു.
കാണുന്നു എന്ന് പറയുമ്പോൾ അതെവിടെയാണ്? എങ്ങനെയാണ് നാം അറിയുന്നത്?
'അങ്ങനെ മരിച്ച്' പാപശരീരം നീക്കം ചെയ്യുന്നത് ഓരോ മനുഷ്യരിലും വിശ്വാസത്താൽ നടക്കേണ്ട ഒരു സംഭവമാണ് എന്ന് നാം അറിയണം. ഇത് വിശ്വാസത്താൽ മാത്രം കാണേണ്ട ഒന്നുകൂടിയാണ്.
അങ്ങനെ വിശ്വാസത്താൽ, ക്രിസ്തുവിനോട് കൂടെയാണ് നാം രക്ഷ ഉറപ്പാക്കുന്നത്! ആ വിശ്വാസത്തിൽ ക്രിസ്തുവിനോട് കൂടെയുള്ള നമ്മുടെ പഴയ മനുഷ്യന്റെ മരണം ഉണ്ട്. യേശുവിനോടു കൂടെ മരിച്ചു എങ്കിൽ യേശുവിനോടു കൂടെ ഉയിർത്ത് പുതിയ സൃഷ്ടിയായി ദൈവത്തിന്നു ഫലം കായ്ക്കുമാറാകുന്നു.
മനുഷ്യന്റെ മുകളിൽ പാപം ( പിശാച് ) അധികാരം നടത്തുന്നുണ്ട് എന്ന് പറഞ്ഞല്ലോ. ആ അധികാരം നടത്തുന്നവനിൽ നിന്നുമുള്ള മോചനത്തിന് വേണ്ടിയാണു ക്രിസ്തു യാഗമായി തീർന്നത് എന്നു കൂടി വിവരിച്ചുവല്ലോ. എന്നാൽ ഈ അധികാരം നടത്തുന്നതെവിടെ നിന്നാണ്? വചനം പരിശോധിക്കുമ്പോൾ പാപം വസിക്കുന്നതാകട്ടെ മനുഷ്യന്റെ മൺമയ ശരീരത്തിൽ മനുഷ്യനോട് കൂടെ എന്ന് വചനം അപ്പൊസ്തലനായ പൗലൊസിലൂടെ വെളിപ്പെടുത്തുന്നു.
ആകയാൽ അതിനെ പ്രവർത്തിക്കുന്നതു ഞാനല്ല എന്നിൽ വസിക്കുന്ന പാപമത്രേ. (റോമർ 7:17)
ഇതിനാൽ തന്നെ നമുക്ക് മനസ്സിലാക്കാം ക്രിസ്തുവിനോട് കൂടെ നമ്മുടെ പഴയ മനുഷ്യൻ മരിക്കുക എന്നുള്ളതിൽ നമ്മിൽ വസിച്ചിരുന്ന പാപം കൂടെ ഉണ്ടായിരുന്നു എന്നുള്ളത്. അങ്ങനെ നമ്മിൽ വസിച്ചിരുന്ന പാപം അഥവാ പിശാച് (ഒരു യജമാനൻ) നമ്മോടൊപ്പം മരിച്ചു എന്നുള്ളതുമായ വിശ്വാസം കാത്ത് സൂക്ഷിക്കുന്നവരാണ് പാപത്തിന്റെ അധികാരത്തിൽ നിന്നും വിശ്വാസത്താൽ മോചനം പ്രാപിക്കുന്നത്.
ഇനി നാം യേശുവിന്റെ ക്രൂശീകരണം ശ്രദ്ധിക്കാം, അവിടെ യേശുവിനെ ക്രൂശിക്കുന്നതു രണ്ട് കള്ളന്മാരോടു കൂടെയാണെന്ന് കാണുവാൻ സാധിക്കുന്നു. ഇതിനെക്കുറിച്ച് യേശുവിനും 700 വർഷങ്ങൾക്ക് മുൻപെ പഴയ നിയമ പ്രവാചകപുസ്തകമായ യെശയ്യാവിൽ രേഖപ്പെടുത്തിയിരിക്കുന്നത് കാണാം.
....അവൻ തന്റെ പ്രാണനെ മരണത്തിന്നു ഒഴുക്കിക്കളകയും അനേകരുടെ പാപം വഹിച്ചും അതിക്രമക്കാർക്കു വേണ്ടി ഇടനിന്നുംകൊണ്ടു അതിക്രമക്കാരോടുകൂടെ എണ്ണപ്പെടുകയും ചെയ്കയാൽ തന്നേ. (യെശയ്യാവ് 53:12)
ബൈബിളിലെ പുതിയനിയമത്തിലേക്കു വരുമ്പോൾ മാർക്കൊസിന്റെ സുവിശേഷത്തിൽ ഇത് പ്രതിപാദിച്ചിരിക്കുന്നതും കാണാം.
അവർ രണ്ടു കള്ളന്മാരെ ഒരുത്തനെ വലത്തും ഒരുത്തനെ ഇടത്തുമായി അവനോടുകൂടെ ക്രൂശിച്ചു. (അധർമ്മികളുടെ കൂട്ടത്തിൽ അവനെ എണ്ണി എന്നുള്ള തിരുവെഴുത്തു നിവൃത്തിയായി.) (മർക്കൊസ് 15:27-28)
ഇനി ആരാണ് ആ രണ്ടു അതിക്രമക്കാർ (കള്ളന്മാർ)..? അതു മറ്റാരുമല്ല. നാം തന്നെയാണ് ആ മരണത്തിനു വിധിക്കപ്പെട്ടവർ. ഒന്ന്, പാപത്തിനു ദാസനായി വിൽക്കപ്പെട്ട നമ്മുടെ പഴയ മനുഷ്യൻ (ദേഹി); രണ്ട്, അവൻ വസിച്ച ജഡം തന്നെ (ദേഹം). ഇവർ പാപമാക്കപ്പെട്ട ക്രിസ്തുവിനോടൊപ്പം മരിക്കുന്ന കാഴ്ചയാണ് നാം കുരിശിൽ കാണുന്നത്.
ക്രിസ്തുവിനോടൊപ്പം ജഡത്തെ വിശ്വാസത്താൽ ഇല്ലാതാക്കുന്നതിലൂടെ; ജഡത്തിന്റെ (പാപത്തിന്റെ) യാതൊരു പ്രവൃർത്തിയും വിശ്വസിക്കുന്ന ആ മനുഷ്യനിൽ നിന്നും വരുന്നില്ല; അവൻ വിശ്വാസം കാത്തു സൂക്ഷിക്കുന്നു എങ്കിൽ മാത്രം. കാരണം അവന്റെ വിശ്വാസമാണ് അവനെ കാക്കുന്നത്. ആ വിശ്വാസത്തിലാകട്ടെ പാപവുമായിട്ടുള്ള അവന്റെ പഴയ മനുഷ്യന്റെ ക്രൂശീകരണം നടന്നിരിക്കുന്നു. ഇനി പഴയ ജഡത്തിന് പ്രസക്തിയില്ലല്ലോ! അവൻ തിരികെ വരുന്നില്ലല്ലോ. വിശ്വാസത്താൽ പുതിയ സൃഷ്ടിയായവനെ ജഡപ്രകാരം അറിയേണ്ടതില്ല എന്നുള്ളത് തന്നെ കാര്യം.
ക്രിസ്തുവിനോടൊപ്പം ഇങ്ങനെയുള്ള വിശ്വാസമരണമാസ്വദിച്ചവർ പാപത്തിൽനിന്നും (പിശാചിൽനിന്നും) സ്വാതന്ത്ര്യം പ്രാപിച്ചു ക്രിസ്തുവിന്റെതാകുന്നു. അങ്ങനെ ക്രിസ്തു, വിശ്വാസത്താൽ നമ്മിൽ വസിക്കുന്നു. വിശ്വാസത്തിനാണ് പ്രസക്തി, ജഡത്തിനല്ല!
ക്രിസ്തുവിനോടൊപ്പം ഇങ്ങനെയുള്ള വിശ്വാസമരണമാസ്വദിച്ചവർ പാപത്തിൽനിന്നും (പിശാചിൽനിന്നും) സ്വാതന്ത്ര്യം പ്രാപിച്ചു ക്രിസ്തുവിന്റെതാകുന്നു. അങ്ങനെ ക്രിസ്തു, വിശ്വാസത്താൽ നമ്മിൽ വസിക്കുന്നു. വിശ്വാസത്തിനാണ് പ്രസക്തി, ജഡത്തിനല്ല!
ഞാൻ ക്രിസ്തുവിനോടുകൂടെ ക്രൂശിക്കപ്പെട്ടിരിക്കുന്നു; ഇനി ജീവിക്കുന്നതു ഞാനല്ല ക്രിസ്തുവത്രേ എന്നിൽ ജീവിക്കുന്നു; ഇപ്പോൾ ഞാൻ ജഡത്തിൽ ജീവിക്കുന്നതോ എന്നെ സ്നേഹിച്ചു എനിക്കു വേണ്ടി തന്നെത്താൻ ഏല്പിച്ചുകൊടുത്ത ദൈവപുത്രങ്കലുള്ള വിശ്വാസത്താലത്രേ ജീവിക്കുന്നതു (ഗലാത്യർ 2:20)
നിങ്ങളോ, ദൈവത്തിന്റെ ആത്മാവു നിങ്ങളിൽ വസിക്കുന്നു എന്നു വരികിൽ ജഡസ്വഭാവമുള്ളവരല്ല ആത്മസ്വഭാവമുള്ളവരത്രേ, ക്രിസ്തുവിന്റെ ആത്മാവില്ലാത്തവൻ അവന്നുള്ളവനല്ല. (റോമർ 8:9)
അതായത് ജഡം ക്രൂശിക്കപ്പെട്ടു എന്നുള്ള വിശ്വാസം ഒരു മനുഷ്യനിൽ ഭവിക്കുകയാണ് ഇവിടെ സംഭവിക്കുന്നത്. വിശ്വാസമാണ് വിശ്വാസിയുടെ ജീവിതത്തിൽ ഭവിക്കേണ്ടത് എന്ന് സാരം! വിശ്വാസത്തിൽ നിന്നും പാപം പുറപ്പെട്ടുവരുകയില്ലല്ലോ. മറിച്ച് ദൈവാനുസൃതമായ ആത്മാവിന്റെ ഫലമത്രെ വിശ്വസിക്കുന്ന നമ്മിൽ നിന്നും പുറപ്പെട്ടുവരേണ്ടതു. അതാകട്ടെ സ്നേഹം, സന്തോഷം, സമാധാനം, ദീർഘക്ഷമ, ദയ, പരോപകാരം, വിശ്വസ്തത, സൌമ്യത, ഇന്ദ്രിയജയം എന്നിവ തന്നെ.
അതുകൊണ്ടു ഈ ചെറുലേഖനം വായിക്കുന്ന പ്രിയ വായനക്കാരിലും മരണത്തിനു വിധിക്കപ്പെട്ട അധർമ്മികൾ (പാപവും പാപത്തിനു ദാസനാക്കപ്പെട്ടവനും) ഇല്ലേ എന്ന് ശോധന ചെയ്യുകയില്ലേ? മരത്തിൽ തൂങ്ങിയ നല്ല കള്ളൻ ചെയ്തതുപോലെ ഈ മരണത്തിനു അധീനമായ ഈ പാപശരീരം ക്രിസ്‌തുയേശുവിലുള്ള വിശ്വാസത്താൽ ഉപേക്ഷിച്ചു നിത്യ ജീവന്റെ രക്ഷ ഉറപ്പാക്കുകയില്ലേ? മരണശിക്ഷക്ക് വിധിക്കപ്പെട്ട നമുക്ക് വിശ്വാസത്താൽ ജീവനിലേക്കു കടക്കുവാനുള്ള ഏറ്റവും വലിയ ദൈവത്തിന്റെ കൃപയാണ് ക്രൂശിലെ വിശ്വാസം എന്നുള്ളത്.
അങ്ങനെ പ്രവൃത്തികളാൽ അല്ല വിശ്വാസത്താൽ തന്നെ നീതികരിക്കപ്പെട്ട് നിത്യജീവൻ പ്രാപിക്കുവാൻ ഓരോ വായനക്കാരെയും ഉത്സാഹിപ്പിച്ചുകൊണ്ട് ഈ ചെറുലേഖനം നിർത്തുന്നു. കർത്താവിലുള്ള കൃപയോട് കൂടിയ വിശ്വാസവും സ്നേഹവും കൂടെയിരിക്കട്ടെ. ആമേൻ. 🙏
"നീ വിശ്വസിച്ചത് പോലെ നിനക്ക് ഭവിക്കട്ടെ" എന്നുള്ള യേശുവിന്റെ വാക്കുകൾ മനോഹരവും മനുഷ്യനെ നിത്യജീവനിലേക്ക് ആകർഷിക്കുവാൻ മതിയായതുമാണ്.
ReplyDelete