മനുഷ്യന്റെ മുകളിലുള്ള പാപത്തിന്റെ കർത്തൃത്വം

ഈ ബ്ലോഗ് പോസ്റ്റിലൂടെ ഞാൻ എഴുതുവാൻ ആഗ്രഹിക്കുന്നത് മനുഷ്യന്റെ മുകളിലുള്ള പാപത്തിന്റെ കർത്തൃത്വത്തെക്കുറിച്ചാണ്.


മനുഷ്യന്റെ ആത്മികമായ മുന്നേറ്റം ലക്ഷ്യം വെച്ചുകൊണ്ട് അനേകം മതഗ്രന്ഥങ്ങൾ ലോകത്ത് നിലനിൽക്കുന്നതായി നമുക്ക് കാണുവാൻ കഴിയും. അവകളിലെല്ലാം രേഖപ്പെടുത്തിയിട്ടുള്ള ചിന്തകളെയാണ് നാം ആത്മിക വിഷയമായിട്ട് മനസ്സിലാക്കുന്നത്. ആത്മികത എന്നാൽ ആത്മാവിനെ സംബന്ധിച്ച പഠനം എന്നാണ് അതിനർത്ഥം.

മതഗ്രന്ഥങ്ങൾ വിശദമാക്കുന്നത് അനുസരിച്ച് മനുഷ്യനിൽ മനുഷ്യബലഹീനത എന്ന മർമ്മം കുടികൊള്ളുന്നു എന്ന് തിരിച്ചറിയാൻ കഴിയുന്നുണ്ട്. അതിനെ പ്രധാനമായും പാപം അല്ലെങ്കിൽ തിന്മയുടെ സ്വഭാവം എന്നാണ് ഗ്രന്ഥങ്ങൾ വിശേഷിപ്പിക്കുന്നത്. അപ്രകാരമുള്ള പാപം അല്ലെങ്കിൽ തിന്മ എന്നുള്ളത് മനുഷ്യനിൽ എങ്ങനെ രൂപപ്പെട്ടുവന്നു എന്നുള്ളത് അധികമായി പുസ്തകങ്ങളിൽ വ്യക്തമാക്കുന്നില്ല. എന്നാൽ ഇതിനെക്കുറിച്ച് പൂർണമായ ഒരു വിവരണം അതായത് കാര്യകാരണസഹിതം നമുക്ക് മനസ്സിലാക്കി തരുന്നത് സത്യവേദ പുസ്തകമാണ്. ആ പുസ്തകത്തിൽ മനുഷ്യൻ എപ്രകാരമാണ് ഇങ്ങനെയൊരു പാപപ്രകൃതമുള്ള വ്യക്തിത്വം ഉള്ളവനായി ജീവിക്കുന്നതെന്ന് ആ ഗ്രന്ഥത്തിൽ എഴുതിയിരിക്കുന്നതായി നമുക്ക് കാണുവാൻ കഴിയും. അങ്ങനെയുള്ള പാപത്തിന്റെ ഉത്ഭവം പാപത്തിലുള്ള ജീവിതം ആ പാപത്തിൽ നിന്നുള്ള വീണ്ടെടുപ്പ് എന്നിവയെ കുറിച്ചാണ് ഈ ബ്ലോഗ് പോസ്റ്റ്‌ വ്യക്തമാക്കിത്തരുന്നത്. അക്കാര്യങ്ങളെ വിശദമായി തന്നെ നമുക്ക് പരിശോധിക്കാം.

മനുഷ്യന്റെ ഉത്ഭവത്തെക്കുറിച്ച് നാം നോക്കുമ്പോൾ മനുഷ്യൻ ജീവനുള്ള ഒരു ദേഹിയായാണ് ഏദെനിൽ സൃഷ്ടിക്കപ്പെട്ടതെന്ന് നാം കാണുന്നുണ്ട്. എന്നാൽ മനുഷ്യന്റെ ആത്മികമായ പൂർണ്ണത ക്രിസ്തുയേശുവിലൂടെ ലക്ഷ്യം വെച്ചുകൊണ്ടാണ് ദൈവം തന്റെ പ്രവർത്തി ചെയ്യുന്നതെന്നും ഈ സന്ദർഭത്തിൽ നാം മനസ്സിലാക്കേണ്ടതാണ്. അതിനാൽ തന്നെ പിശാചിന്റെ കെണിയിൽ അകപ്പെടുന്ന ഒരു ആദാമിനെയാണ് നമുക്ക് കാണാൻ കഴിയുന്നത്. വിലക്കപ്പെട്ട കനി ഭക്ഷിക്കുന്നതിലൂടെ അവർ പിശാചിന്റെ അടിമകളായി മാറുകയാണ് ചെയ്തത്. മനുഷ്യനിലുള്ള ഈ അവസ്ഥയെയാണ് പാപത്തിന്റെ അടിമത്തത്തിലുള്ള ജീവിതം എന്നു പറയുന്നത്.

പാപത്തിനു (സാത്താന്) ഈ അധികാരം ലഭിക്കുന്നത് ഏദെനിൽ വെച്ച് പാപം അഥവാ പിശാച് ഹവ്വയെ ഉപായത്താൽ ചതിച്ചതു മൂലമാണെന്ന് നമുക്ക് തിരുവെഴുത്തുകൾ പരിശോധിച്ചാൽ മനസ്സിലാക്കാം.

എന്നാൽ സർപ്പം ഹവ്വയെ ഉപായത്താൽ ചതിച്ചതുപോലെ നിങ്ങളുടെ മനസ്സു ക്രിസ്തുവിനോടുള്ള ഏകാഗ്രതയും നിർമ്മലതയും വിട്ടു വഷളായിപ്പോകുമോ എന്നു ഞാൻ ഭയപ്പെടുന്നു. (2 കൊരിന്ത്യർ 11:3)

 

അതുകൊണ്ടു ഏകമനുഷ്യനാൽ പാപവും[a] പാപത്താൽ മരണവും ലോകത്തിൽ കടന്നു. ഇങ്ങനെ എല്ലാവരും പാപം ചെയ്കയാൽ മരണം സകലമനുഷ്യരിലും പരന്നിരിക്കുന്നു. (റോമർ 5:12)

എന്നാൽ നാം സുവിശേഷം മുഖേന ക്രിസ്തുവിനുള്ളവർ ആകുന്നതിനു മുൻപ് ദുഷ്ടന്റെ അധീനതയിൽ ആണെന്ന് വചനം നമ്മെ പഠിപ്പിക്കുന്നുണ്ട്.

നാം ദൈവത്തിൽനിന്നുള്ളവർ എന്നു നാം അറിയുന്നു. സർവ്വലോകവും ദുഷ്ടന്റെ അധീനതയിൽ കിടക്കുന്നു. (1 യോഹന്നാൻ 5:19)

ഇപ്രകാരമുള്ള ഈ അധികാരം ദുഷ്ടനു (സാത്താന്) ലഭിക്കുന്നതിനു മുൻപ്, ഭൂമിയിലുള്ളതൊക്കെയും അടക്കി വാഴുവാനുള്ള അധികാരം ദൈവത്താൽ മനുഷ്യനു ലഭ്യമായിരുന്നതായി ഉല്പത്തി പുസ്തകത്തിൽ നിന്നും വായിക്കുവാൻ കഴിയും.

ദൈവം അവരെ അനുഗ്രഹിച്ചു: നിങ്ങൾ സന്താനപുഷ്ടിയുള്ളവരായി പെരുകി ഭൂമിയിൽ നിറഞ്ഞു അതിനെ അടക്കി സമുദ്രത്തിലെ മത്സ്യത്തിന്മേലും ആകാശത്തിലെപറവജാതിയിന്മേലും സകലഭൂചരജന്തുവിന്മേലും വാഴുവിൻ എന്നു അവരോടു കല്പിച്ചു. (ഉല്‍‍പത്തി 1:28)

ഈ അധികാര കൈമാറ്റം 'തിന്നരുതു' എന്നുള്ള നിയമലംഘനത്തിലൂടെ പാപത്തിനു ലഭിക്കുകയാണുണ്ടായത്. ഇപ്രകാരമുള്ള ഈ അധികാര കൈമാറ്റത്തിലൂടെ മനുഷ്യൻ പാപത്തിന്റെ അടിമയായി മാറുകയാണ്.

ഇതിനെക്കുറിച്ച് ക്രിസ്തുയേശു അരുളി ചെയ്യുന്നത് നമുക്ക് പുതിയ നിയമത്തിൽ വായിക്കാം.

അതിന്നു യേശു: “ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: പാപം ചെയ്യുന്നവൻ എല്ലാം പാപത്തിന്റെ ദാസൻ ആകുന്നു. (യോഹന്നാന്‍ 8:34)

'തിന്നരുത്' എന്നുള്ള നിയമം കൊണ്ടുവരുന്നത് ദൈവം തന്നെ ആണെന്ന് ഉല്പത്തി പുസ്തകം 3:11-12-ൽ കാണാവുന്നതാണ്. ഈ നിയമത്തെ ഒരു അവസരമായി പാപം (സാത്താൻ) കാണുകയും അതിനെ മുതലെടുക്കുകയുമാണുണ്ടായത്. അതുമൂലം ഹവ്വയിൽ പാപത്തിനു തന്റെതായ ഒരു മോഹം ജനിപ്പിക്കുവാൻ സാധിച്ചു. അതുമൂലമാണ് ആദാം ദമ്പതികൾ ആത്മിക മരണം അനുഭവിക്കുവാൻ ഇടയായത്.

മോഹം ഗർഭം ധരിച്ചു പാപത്തെ പ്രസവിക്കുന്നു; പാപം മുഴുത്തിട്ടു മരണത്തെ പെറുന്നു. (യാക്കോബ് 1:15)

പാപമാണ് നിയമം വന്നതിലൂടെ ആ അവസരം മുതലെടുത്തു മനുഷ്യനെ മരണത്തിലേക്ക് നയിച്ചത്. ഇതിനെക്കുറിച്ച് അപ്പൊസ്തോലനായ പൗലോസ് റോമർക്കു എഴുതിയ ലേഖനത്തിൽ എഴുതിയിരിക്കുന്നതുകൂടി നമുക്ക് വായിക്കാം.

പാപം അവസരം ലഭിച്ചിട്ടു കല്പനയാൽ എന്നെ ചതിക്കയും കൊല്ലുകയും ചെയ്തു. (റോമർ 7:11

ആദാമും ഹവ്വയും നിഷ്കളങ്ക മനുഷ്യരായിട്ടാണ് ദൈവം അവരെ സൃഷ്ടിച്ചത്. അവരുടെ മേൽ പാപത്തിനു അധികാരം ഉണ്ടായിരുന്നില്ല. സൃഷ്ടിച്ചവന്റെ കർത്തൃത്വത്തിൽ ആണ് അവർ ഏദെനിൽ വസിച്ചിരുന്നത്. അവർക്ക്  നന്മ എന്തെന്നും തിന്മ എന്തെന്നും ഉള്ള തിരിച്ചറിവ് ദൈവം കൊടുത്തിരുന്നില്ല. അവർ സൃഷ്ടിപ്പിൽ നിഷ്കളങ്കർ ആയിരുന്നു എന്നുമാത്രം. 

ഈ അവസരത്തിൽ ക്രിസ്തുവിനെക്കുറിച്ചു പറയുവാനും ഞാൻ ആഗ്രഹിക്കുന്നു. യേശു ക്രിസ്തു ഭൂമിയിൽ ജനിക്കുമ്പോൾ ക്രിസ്തുവിനെ വിശേഷിപ്പിക്കുന്നത് വിശുദ്ധ പ്രജയായിട്ടാണ്. യേശു ക്രിസ്തു ഭൂമിയിൽ ജനിക്കുന്നതിനു മുൻപ് തന്നെ ക്രിസ്തുവിനെ വിശേഷിപ്പിക്കുന്നത് ഒരു വിശുദ്ധ പ്രജയായിട്ടാണെന്നു നമുക്ക് വായിക്കാം.

അതിന്നു ദൂതൻ: പരിശുദ്ധാത്മാവു നിന്റെ മേൽ വരും; അത്യുന്നതന്റെ ശക്തി നിന്റെ മേൽ നിഴലിടും; ആകയാൽ ഉത്ഭവിക്കുന്ന വിശുദ്ധപ്രജ ദൈവപുത്രൻ എന്നു വിളിക്കപ്പെടും. (ലൂക്കോസ് 1:35)

ആദാമും ഹവ്വയും സൃഷ്ടിപ്പിൽ വിശുദ്ധ പ്രജകൾ ആയിരുന്നില്ല. മറിച്ചു ക്രിസ്തുവിലൂടെ മനുഷ്യവർഗ്ഗം വിശുദ്ധീകരിക്കപ്പെട്ട് പൂർണരാകേണം എന്നുള്ളതാണ് ദൈവഹിതം.

മനുഷ്യൻ നിഷ്കളങ്കനായിരുന്നപ്പോൾ തന്നെയാണ് ദൈവം നിയമം കൊണ്ടുവരുന്നത്. ആ നിയമം ഒരു അവസരമായിട്ടു തന്നെയാണ് പിശാച് കണ്ടതും, ആ നിയമത്തിന്റെ ലംഘനത്തിലൂടെ ദൈവസന്നിധിയിൽ മനുഷ്യന്റെ മുകളിൽ കുറ്റം ചുമത്തുവാൻ തനിക്കു സാധിക്കും എന്നുള്ള അറിവ് സാത്താനുണ്ടായിരുന്നു.

ഇയ്യോബിന്റെ പുസ്തകം ഒന്നാം അദ്ധ്യായത്തിലും നമുക്ക് ഇതിനു സമാനമായ സന്ദർഭം കാണുവാൻ സാധിക്കും. ദൈവത്തിന്റെ അസാന്നിധ്യത്തിൽ ദൈവം അനുവദിക്കുന്നതിലൂടെ മനുഷ്യനെ ദൈവത്തിന്റെ സന്നിധിയിൽ കുറ്റപ്പെടുത്തുവാൻ സാത്താൻ ശ്രമിക്കുന്നത് തെളിവായി കാണാം.

ആദാമും ഹവ്വയും നിയമ ലംഘനത്തിലൂടെ ദൈവത്തിനെതിരായി പാപം ചെയ്തു എന്ന് നമുക്ക് മനസിലാക്കാം. 'തിന്നരുത്' എന്നുള്ള നിയമദാതാവിന്റെ നിയമമാണ്  അവർ തെറ്റിച്ചത്. അതുകൊണ്ടു തന്നെ നിയമം കൊടുത്തവന് വിപരീതമായാണ് അവർ പ്രവർത്തിച്ചത്. അത് അവർ പിശാചിന്റെ വഞ്ചനയിൽ പെട്ടതുമൂലമാണ് സംഭവിക്കുവാൻ ഇടയായത്.

ഏദെനിൽ ആദാമിന്റെയും ഹവ്വയുടെയും ശരീരത്തിന് പുറത്തു നിന്നാണ് പിശാച് തന്റെ പ്രവർത്തി നിറവേറ്റിയത്. 

'പാപം ചെയ്യുന്നവൻ എല്ലാം പാപത്തിന്റെ ദാസൻ ആകുന്നു' എന്നുള്ള  യേശുവിന്റെ വചനപ്രകാരം ആദാമും ഹവ്വയും പാപത്തിന്റെ അഥവാ സാത്താന്റെ ദാസന്മാരായി തീരുകയാണുണ്ടായത് എന്ന് നമുക്ക് കാണാം.

ഇങ്ങനെ മനുഷ്യന്റെ മേലുള്ള കർത്തൃത്വം ദൈവം പിശാചിന് കൊടുക്കുകയാണുണ്ടായത്.

ന്യായപ്രമാണം ആത്മികം എന്നു നാം അറിയുന്നുവല്ലോ; ഞാനോ ജഡമയൻ, പാപത്തിന്നു ദാസനായി വിൽക്കപ്പെട്ടവൻ തന്നേ. (റോമർ 7:14)

തിരുവെഴുത്തു പരിശോധിക്കുമ്പോൾ പാപത്തിനു ദൈവം കൊടുത്തിരിക്കുന്ന ശിക്ഷ മരണമാണെന്ന് കാണിച്ചുതരുന്നുണ്ട്.

പാപത്തിന്റെ ശമ്പളം മരണമത്രേ; ദൈവത്തിന്റെ കൃപാവരമോ നമ്മുടെ കർത്താവായ യേശുക്രിസ്തുവിൽ നിത്യജീവൻ തന്നേ. (റോമർ 6:23)

പാപം ചെയ്ത ദേഹി[b] മരിക്കണം എന്നുള്ള മറ്റൊരു തിരുവെഴുത്തും നമുക്ക് വായിക്കുവാൻ സാധിക്കും.

സകല ദേഹികളും എനിക്കുള്ളവർ; അപ്പന്റെ പ്രാണനും മകന്റെ പ്രാണനും ഒരുപോലെ എനിക്കുള്ളതു; പാപം ചെയ്യുന്ന ദേഹി മരിക്കും. (യെഹെസ്കേൽ 18:4)

പിശാചിനുള്ള ശിക്ഷയും പിശാചിനോടു ചേർന്ന് ജീവിക്കുന്നവർക്കുള്ള ശിക്ഷയും മരണമാണെന്ന് ഇതിൽ നിന്നും നമുക്ക് മനസിലാക്കാം

പിശാചിന് നൽകുവാനുള്ള ശിക്ഷയായ മരണത്തിനു മനുഷ്യർ കൂട്ടവകാശികൾ ആയപ്പോൾ ദൈവം തന്റെ പദ്ധതിയിൽ അതിൽ നിന്നും മനുഷ്യന് മോചനം പ്രാപിക്കുവാൻ ഉള്ള ഒരു വഴി മുന്നമേ തുറന്നിരുന്നു.

നാം തന്റെ സന്നിധിയിൽ വിശുദ്ധരും നിഷ്കളങ്കരും ആകേണ്ടതിന്നു അവൻ ലോകസ്ഥാപനത്തിന്നു മുമ്പെ നമ്മെ അവനിൽ തിരഞ്ഞെടുക്കയും (എഫെസ്യർ 1:4)

ക്രിസ്തുയേശുവിലൂടെയുള്ള വിശ്വാസത്താലാണ് മരണത്തിനു വിധിക്കപ്പെട്ടിരുന്ന നമുക്ക് പാപത്തിൽ നിന്നും മോചനം സാധ്യമാകുന്നത്.

അതിന്റെ മർമ്മം റോമർക്കു എഴുതിയ ലേഖനത്തിൽ അപ്പൊസ്തോലനായ പൗലോസ് എഴുതിയിരിക്കുന്നത് നമുക്ക് വായിക്കാം.

അതിനു മുന്പായി, മനുഷ്യനിൽ കർത്തൃത്വം നടത്തുന്നത് പാപം ആകുന്നു എന്ന് ഞാൻ പറഞ്ഞുവല്ലോ. ആ പാപം എവിടെയാണുള്ളത്? അതിനായിട്ട്  രണ്ടു വാക്യങ്ങൾ നമുക്ക് നോക്കാം.

ആകയാൽ അതിനെ പ്രവർത്തിക്കുന്നതു ഞാനല്ല എന്നിൽ വസിക്കുന്ന പാപമത്രേ. (റോമർ 7:17)
 
എങ്കിലും എന്റെ ബുദ്ധിയുടെ പ്രമാണത്തോടു പോരാടുന്ന വേറൊരു പ്രമാണം ഞാൻ എന്റെ അവയവങ്ങളിൽ കാണുന്നു; അതു എന്റെ അവയവങ്ങളിലുള്ള പാപപ്രമാണത്തിന്നു എന്നെ ബദ്ധനാക്കിക്കളയുന്നു. (റോമർ 7:23)

പാപം വസിക്കുന്നത് മനുഷ്യനിലാണെന്നും അവന്റെ പ്രവർത്തികൾ മനുഷ്യശരീരത്തിലാണ് വ്യാപരിക്കുന്നതെന്നും ഈ വാക്യങ്ങളിൽ നിന്നും വ്യക്തമാണ്.

ഇനി ഇങ്ങനെയുള്ള ഈ ശരീരത്തിൽ നിന്ന് മനുഷ്യന് എങ്ങനെ മോചനം സാധ്യമാകും? മുൻപ് പറഞ്ഞത് പോലെ പാപം മരിക്കേണ്ടത് അനിവാര്യമാണല്ലോ?

മനുഷ്യനിൽ കർത്തൃത്വം നടത്തുന്നത് പാപം ആണെന്ന് നാം കണ്ടുവല്ലോ. ആ കർത്തൃത്വത്തിൽ നിന്ന് മനുഷ്യൻ ഒഴിവാകണമെങ്കിൽ കർത്തൃത്വം നടത്തുന്ന ആ യജമാനൻ മരിക്കേണം എന്നുള്ളതാണ് ദൈവ നിയമം. അതായത് ഭർത്താവിന്റെ കർത്തൃത്വത്തിൻ കീഴിലുള്ള ഭാര്യ ഭർത്താവിന്റെ മരണ ശേഷം സ്വതന്ത്രയാകുന്നതുപോലെ. 

അങ്ങനെ വേണം പാപത്തിൽ നിന്ന് സ്വാതന്ത്ര്യം നേടുവാൻ. ആക്ഷരീകമായ ഒരു മരണം ആണോ ഇവിടെ ഉദ്ദേശിക്കുന്നത്? ഒരിക്കലും അല്ല. ക്രിസ്തുവിനോടുകൂടെ വിശ്വാസത്താലുള്ള ഒരു മരണം ആസ്വദിച്ചവർക്കേ (പാപി) പാപത്തിന്റെ കർത്തൃത്വത്തിൽ നിന്നും മോചനം പ്രാപിക്കുകയുള്ളു.

നാം ഇനി പാപത്തിന്നു അടിമപ്പെടാതവണ്ണം പാപശരീരത്തിന്നു നീക്കം വരേണ്ടതിന്നു നമ്മുടെ പഴയ മനുഷ്യൻ അവനോടുകൂടെ ക്രൂശിക്കപ്പെട്ടു എന്നു നാം അറിയുന്നു. അങ്ങനെ മരിച്ചവൻ പാപത്തിൽ നിന്നു മോചനം പ്രാപിച്ചിരിക്കുന്നു. (റോമർ 6:6-7

(ഇപ്രകാരമുള്ള ഒരു മരണം മനുഷ്യനിൽ വിശ്വാസത്താൽ മാത്രം സംഭവിക്കുന്ന ഒന്നാണ്. കാരണം പാപത്തിൽ നിന്ന് ലഭിക്കുന്ന മോചനം വിശ്വാസത്താൽ ആയതുകൊണ്ടാണ്. അതാണ് മനുഷ്യരക്ഷക്കുള്ള സുവിശേഷം.)

സുവിശേഷത്തെക്കുറിച്ചു എനിക്കു ലജ്ജയില്ല; വിശ്വസിക്കുന്ന ഏവന്നും ആദ്യം യെഹൂദന്നും പിന്നെ യവനവന്നും അതു രക്ഷെക്കായി ദൈവശക്തിയാകുന്നുവല്ലോ.അതിൽ ദൈവത്തിന്റെ നീതി വിശ്വാസം ഹേതുവായും വിശ്വാസത്തിന്നായിക്കൊണ്ടും വെളിപ്പെടുന്നു. “നീതിമാൻ വിശ്വാസത്താൽ ജീവിക്കും” എന്നു എഴുതിയിരിക്കുന്നുവല്ലോ. (റോമർ 1:16-17)

പാപത്തിൽ നിന്നുള്ള മോചനം "അങ്ങനെ മരിച്ചവർ"-ക്കെ സാധിക്കുകയുള്ളു. എങ്ങനെ മരിച്ചവർ? ക്രിസ്തുവിനോട് കൂടെ ക്രൂശിക്കപ്പെട്ടു മരിച്ചവർക്ക്! അത് എങ്ങനെ സാധിക്കും? വിശ്വാസത്താൽ തന്നെ!

അതായത് ക്രിസ്തുവിനോടൊപ്പം ക്രൂശിക്കപ്പെട്ടുള്ള മരണത്തെ വിശ്വാസികൾ ആരും തന്നെയും അക്ഷരീകമായി സ്വീകരിക്കുന്നില്ല. മറിച്ച് അതൊരു വിശ്വാസമാണ്. അപ്രകാരമുള്ള വിശ്വാസത്തിന്റെ ഒരു പ്രവൃത്തിയായി നാം ഒരു ശുശ്രൂഷ നിർവ്വഹിക്കേണ്ടതുണ്ട്. ആ ശുശ്രൂഷയാണ് സ്നാനം.

സ്നാനം എന്നതിൽ ക്രിസ്തുവിനോടൊപ്പം ഉള്ള പാപിയുടെ മരണത്തെയും അടക്കം ചെയ്യപ്പെടലിനെയും ഉയർത്തെഴുന്നേൽപ്പിനെയും ആണ് സൂചിപ്പിക്കുന്നത്. അതായത് പാപം സംബന്ധിച്ച് ക്രിസ്തു മരിച്ചിട്ട് ഉയർത്തെഴുന്നേറ്റതുപോലെ മനുഷ്യനും പാപം സംബന്ധിച്ച് മരിച്ച് അടക്കം ചെയ്യപ്പെട്ട് ഉയർത്തെഴുന്നേൽക്കേണ്ടതാണ്. മരണ പുനരുദ്ധാനങ്ങളുടെ ഈ സാദൃശ്യത്തിൽ മനുഷ്യൻ പങ്കുചേരുക എന്നുള്ളതാണ് സ്നാനത്തിന്റെ ലക്ഷ്യം. അതിനാൽ ക്രിസ്തുവിലുള്ള വിശ്വാസത്തിലേക്ക് കടന്നുവരുന്ന പാപബോധമുള്ള ഏതൊരു മനുഷ്യനും സ്നാനം സ്വീകരിക്കുവാൻ നിർബന്ധിക്കപ്പെട്ടിരിക്കുന്നു.

മനുഷ്യന് വിശ്വാസം സ്വീകരിക്കുവാനും സ്നാനം സ്വീകരിക്കുവാനും കഴിയുക എന്നുള്ളത് അവന്റെ സ്വാതന്ത്ര്യത്തിൽ ദൈവം വെച്ചിരിക്കുന്ന ഒരു കാര്യമാണ്. ആ വിശ്വാസം സ്വീകരിക്കുവാനോ സ്വീകരിക്കാതിരിക്കുവാനോ മനുഷ്യന് ദൈവം സ്വാതന്ത്ര്യം നൽകിയിട്ടുണ്ട്. അതുകൊണ്ടാണ് നിരീശ്വരവാദം എന്നുള്ള ഒരു മർമ്മം പോലും ലോകത്തിൽ നിലനിൽക്കുന്നത്.

യേശുക്രിസ്തുവിനോടു ചേരുവാൻ സ്നാനം ഏറ്റവരായ നാം എല്ലാവരും അവന്റെ മരണത്തിൽ പങ്കാളികളാകുവാൻ സ്നാനം ഏറ്റിരിക്കുന്നു എന്ന് നിങ്ങൾ അറിയുന്നില്ലയോ? അങ്ങനെ നാം അവന്റെ മരണത്തിൽ പങ്കാളികളായിത്തീർന്ന സ്നാനത്താൽ അവനോടുകൂടെ കുഴിച്ചിടപ്പെട്ടു; ക്രിസ്തു മരിച്ചിട്ടു പിതാവിന്റെ മഹിമയാൽ ജീവിച്ചെഴുന്നേറ്റതുപോലെ നാമും ജീവന്റെ പുതുക്കത്തിൽ നടക്കേണ്ടതിനുതന്നെ. അവന്റെ മരണത്തിന്റെ സാദൃശ്യത്തോടു നാം ഏകീഭവിച്ചവരായെങ്കിൽ പുനരുത്ഥാനത്തിന്റെ സാദൃശ്യത്തോടും ഏകീഭവിക്കും. നാം ഇനി പാപത്തിന് അടിമപ്പെടാതവണ്ണം പാപശരീരത്തിനു നീക്കം വരേണ്ടതിനു നമ്മുടെ പഴയ മനുഷ്യൻ അവനോടുകൂടെ ക്രൂശിക്കപ്പെട്ടു എന്നു നാം അറിയുന്നു. അങ്ങനെ മരിച്ചവൻ പാപത്തിൽനിന്നു മോചനം പ്രാപിച്ചിരിക്കുന്നു. (റോമർ 6:3-7)

ക്രിസ്തു മരിച്ചിട്ടു ഉയിർത്തെഴുന്നേറ്റിരിക്കയാൽ ഇനി മരിക്കയില്ല; മരണത്തിന്നു അവന്റെമേൽ ഇനി കർത്തൃത്വമില്ല എന്നു നാം അറിയുന്നുവല്ലോ. (റോമർ 6:9)
 
ക്രിസ്തുവിനോട് കൂടെ പാപം മരിച്ചത് കൊണ്ട് പാപത്തിനു ആ വിശ്വാസിയുടെ മുകളിൽ കർത്തൃത്വം നടത്തുവാൻ സാധിക്കുകയില്ല.

വിശ്വാസം എന്നതോ, ആശിക്കുന്നതിന്റെ ഉറപ്പും കാണാത്ത കാര്യങ്ങളുടെ നിശ്ചയവും ആകുന്നു. (എബ്രായർ 11:1)

നമ്മുടെ വിശ്വാസം എന്താണ്? അതിലൊന്ന് നാം ആശിക്കേണ്ട നല്ല ജീവിതത്തിന്റെ ഉറപ്പാണ്. രണ്ടാമത്തേത് കാണാത്ത കാര്യങ്ങളുടെ നിശ്ചയമാണ്. എന്താണ് ഈ കാണാത്ത കാര്യങ്ങൾ? മനുഷ്യനെ സംബന്ധിച്ചു ഒന്നാമത്തേതായി, ക്രിസ്തുവിന്റെ അധർമ്മികളോടൊപ്പമുള്ള ക്രൂശുമരണമാണ്. രണ്ടാമത്തേതായി, പാപശരീരത്തോടുകൂടിയ നമ്മുടെ പഴയമനുഷ്യൻ ക്രിസ്തുവിനോടുകൂടെ ക്രൂശിക്കപ്പെട്ടു മരിച്ചു എന്നുള്ളതാണ്.

ഒരു മനുഷ്യന്റെ വിശ്വാസത്തിൽ ആണ് അവൻ ഈ മരണം അനുഭവിക്കുന്നത്. പാപത്തിന്റെ കർത്തൃത്വത്തിൽ നിന്നും സ്വാതന്ത്ര്യം പ്രാപിച്ച ഒരു വിശ്വാസിക്ക് പിന്നീട് പാപം ചെയ്യുവാൻ സാധിക്കുമോ? ഒരിക്കലുമില്ല, അവൻ വിശ്വാസം കാത്തുസൂക്ഷിക്കുന്നു എങ്കിൽ മാത്രം!

വിശ്വാസത്തിൽ നിന്നും ഒരുനാളും പാപത്തിന്റെതായ പ്രവർത്തി പുറത്തു വരുന്നില്ല. കാരണം, അതിനു കാരണക്കാരനായ പാപം മരിച്ചു എന്നുള്ള വിശ്വാസം ആണ് അവൻ കാത്തു സൂക്ഷിക്കുന്നത്.

....വിശ്വാസത്തിൽ നിന്നു ഉത്ഭവിക്കാത്തതൊക്കെയും പാപമത്രേ. (റോമർ 14:23)

അതുകൊണ്ടു തന്നെ പുതിയനിയമം വായിക്കുമ്പോൾ വിശ്വാസത്തിൽ നിലനിൽക്കുവാനും  ഉറച്ചുനിൽക്കുവാനും ബലപ്പെടുവാനും ആരോഗ്യമുള്ളവരാകുവാനും സമ്പന്നരാകുവാനും ഉള്ള  ഉപദേശം പുസ്തകത്തിൽ ഉടനീളം നമുക്ക് കാണുവാൻ സാധിക്കും.

"മനുഷ്യൻ ജീവനോടിരിക്കും കാലത്തൊക്കെയും ന്യായപ്രമാണത്തിന്നു അവന്റെമേൽ അധികാരമുണ്ടു" എന്ന് വചനത്തിൽ എഴുതിയിരിക്കുന്നത് പോലെ പാപം ഒരു മനുഷ്യനിൽ ജീവിച്ചിരിക്കുന്ന കാലത്തോളം പാപത്തിനു അവന്റെ മേൽ അധികാരം ഉണ്ട് എന്ന് നാം മനസ്സിലാക്കേണ്ടതാണ്.

പാപത്തിനു അധികാരം ഉള്ളിടത്തോളം കാലം യാതൊരു നിയമത്തിനും യാതൊരു മനുഷ്യന്റെ ഉള്ളിൽ നിന്നും പൂർണ്ണമായ നിയമത്തിന്റെ നീതി പുറപ്പെടുവിക്കുവാൻ സാധിക്കുകയില്ല. ദൈവം പണ്ട് നൽകിയിരുന്ന ന്യായപ്രമാണം അങ്ങനെയുള്ള  ഒന്നായിരുന്നു. മറ്റൊരുവിധത്തിൽ നിയമം അല്ലെങ്കിൽ ന്യായപ്രമാണമാകട്ടെ വിശ്വാസം വരുന്നതിനു മുൻപ് മനുഷ്യനിൽ പാപത്തിന്റെ കർത്തൃത്വം ഉണ്ടെന്നുള്ള ബോധ്യം വരുത്തുന്ന ഒന്നുകൂടിയാണ്.

അതുകൊണ്ടു ന്യായപ്രമാണത്തിന്റെ പ്രവൃത്തികളാൽ ഒരു ജഡവും അവന്റെ സന്നിധിയിൽ നീതീകരിക്കപ്പെടുകയില്ല; ന്യായപ്രമാണത്താൽ പാപത്തിന്റെ പരിജ്ഞാനമത്രേ വരുന്നതു. (റോമർ 3:20)

പാപത്തിന്റെ ഈ അധികാരം ദൈവം നീക്കുന്നത് മനുഷ്യന്റെ വിശ്വാസത്തിലൂടെ ആണ്.

പാപമില്ലാത്ത ക്രിസ്തുയേശു നമ്മുടെ പാപത്തിനു പരിഹാരമായി ക്രൂശിൽ മരിച്ചു മൂന്നാം ദിവസം ഉയിർത്തെഴുന്നേറ്റു എന്ന് വിശ്വസിച്ചാൽ നാം രക്ഷിക്കപ്പെടും എന്നുള്ള പൊതുവായ വിശ്വാസം നിലനിൽക്കുമ്പോഴും അതിലെ മർമ്മം അവിടം കൊണ്ട് തീരുന്നില്ല. പിന്നെ എന്താണ്?

ദൈവം ക്രിസ്തുവിനെ പാപം ആക്കി, പാപത്തിന് ആണ് ക്രൂശിൽ ന്യായ വിധി നടത്തിയത്. കുരിശിൽ നടന്ന സംഭവം, യഥാർത്ഥത്തിൽ ക്രിസ്തു ആണ്  മരിക്കുന്നതെങ്കിലും, ദൈവവചനത്തിൽ പറയുന്നത്  മനുഷ്യന്റെ മുകളിൽ കർത്തൃത്വം നടത്തിയിരുന്ന പാപത്തിനു ആണ്‌ മരണ ശിക്ഷ കൊടുത്തത് എന്നാണ്.

പാപം അറിയാത്തവനെ, നാം അവനിൽ ദൈവത്തിന്റെ നീതി ആകേണ്ടതിന്നു, അവൻ നമുക്കു വേണ്ടി പാപം ആക്കി. (2 കൊരിന്ത്യർ 5:21)

ജഡത്താലുള്ള ബലഹീനതനിമിത്തം ന്യായപ്രമാണത്തിന്നു കഴിയാഞ്ഞതിനെ (സാധിപ്പാൻ ) ദൈവം തന്റെ പുത്രനെ പാപജഡത്തിന്റെ സാദൃശ്യത്തിലും പാപം നിമിത്തവും അയച്ചു, പാപത്തിന്നു ജഡത്തിൽ ശിക്ഷ വിധിച്ചു. (റോമർ 8:3)

നാം ഇത് വിശ്വാസത്താൽ അംഗീകരിക്കുമ്പോൾ നാം സാക്ഷികൾ ആകുക മാത്രമല്ല ക്രിസ്തുവിനോട് കൂടെയുള്ള മരണത്തിൽ പങ്കാളിയാകുകയുമാണ് ചെയ്യുന്നത്.

അവന്റെ മരണത്തിന്റെ സാദൃശ്യത്തോടു നാം ഏകീഭവിച്ചവരായെങ്കിൽ പുനരുത്ഥാനത്തിന്റെ സാദൃശ്യത്തോടും ഏകീഭവിക്കും. (റോമർ 6:5)

വിശ്വാസത്താൽ ക്രിസ്തുവിനോട് കൂടെ മരിച്ചു നാം പുതിയ സൃഷ്ടിയാകുക എന്ന ദൈവേഷ്ടം എല്ലാ മനുഷ്യരിലും നടക്കേണ്ടതാണ്. അങ്ങനെ, വിശ്വാസത്താൽ വീണ്ടുംജനിക്കുന്ന ഒരു മനുഷ്യനിൽ നിന്ന് പാപത്തിന്റെതായ യാതൊരു പ്രവർത്തിയും പുറത്തു വരികയില്ല.

ദൈവത്തിൽനിന്നു ജനിച്ചവൻ ആരും പാപം ചെയ്യുന്നില്ല; അവന്റെ വിത്തു അവനിൽ വസിക്കുന്നു; ദൈവത്തിൽനിന്നു ജനിച്ചതിനാൽ അവന്നു പാപം ചെയ്‍വാൻ കഴികയുമില്ല. (1 യോഹന്നാൻ 3:9)

ദൈവത്തിൽനിന്നു ജനിച്ചിരിക്കുന്നവൻ ആരും പാപം ചെയ്യുന്നില്ല എന്നും നാം അറിയുന്നു; ദൈവത്തിൽനിന്നു ജനിച്ചവൻ തന്നെത്താൻ സൂക്ഷിക്കുന്നു; ദുഷ്ടൻ അവനെ തൊടുന്നതുമില്ല. (1 യോഹന്നാൻ 5:18)

പാപപ്രവർത്തിക്കു കാരണമായ പാപം മരിച്ചു എന്നുള്ള വിശ്വാസം ആണ് ഒരുവൻ കാത്തു സൂക്ഷിക്കുന്നത് എങ്കിൽ അവനിൽ നിന്ന് എങ്ങനെ പാപപ്രവർത്തി പുറത്തു വരും? കാരണം നീ വിശ്വസിച്ചതു പോലെ നിനക്ക് ഭവിക്കട്ടെ എന്നും നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു എന്നും നമ്മുടെ ഗുരു അരുളി ചെയ്തിട്ടുമുണ്ട്. 

നമ്മുടെ വിശ്വാസത്തിൽ പാപസംബന്ധമായി നാം മരിച്ചവർ ആണെങ്കിൽ പാപത്തിന് നമ്മുടെ മുകളിൽ കർത്തൃത്വം നടത്തുവാൻ സാധിക്കുകയില്ല. കാരണം കർത്തൃത്വം നടത്തുന്ന പാപം നമ്മുടെ വിശ്വാസത്താൽ മരിച്ചു എന്നുള്ളതാണ്. മരിച്ചു എങ്കിൽ അവന്റെ പ്രവർത്തി എങ്ങനെ ഒരുവനിൽ വെളിപ്പെട്ടുവരും?

വിശ്വാസത്തിന്റെ കുറവ് ഒരുവനിൽ കാണണം എന്ന് ദൈവം ആഗ്രഹിക്കുണ്ടോ? ഒരുനാളും ഇല്ല. വിശ്വാസത്തിന്റെ അനുസരണം ആണ് ദൈവം ഓരോ മനുഷ്യനിൽ നിന്നും ആഗ്രഹിക്കുന്നത്.

വിശ്വാസത്താൽ പാപം നീക്കപ്പെട്ടിട്ട്  ക്രിസ്തുയേശുവിനായാണ് നാം ഇനിയുള്ള കാലം ഈ ഭൂമിയിൽ ജീവിക്കേണ്ടത് എന്ന് ഓർത്തുകൊണ്ടു ആ വിശ്വാസത്തിൽ സ്ഥിരതയോടെ, നിർമ്മലതയോടെ, ആരോഗ്യത്തോടെ, സമ്പന്നതയോടെ മുന്നേറാം. കർത്താവിന്റെ കൃപ കൂടെയിരിക്കട്ടെ.

വിശ്വപ്രസിദ്ധമായ ഈ വാക്യങ്ങൾ വായിച്ചുകൊണ്ട് നമുക്ക് അവസാനിപ്പിക്കാം.

അവനെ കൈക്കൊണ്ടു അവന്റെ നാമത്തിൽ വിശ്വസിക്കുന്ന ഏവർക്കും ദൈവമക്കൾ ആകുവാൻ അവൻ അധികാരം കൊടുത്തു. അവർ രക്തത്തിൽ നിന്നല്ല, ജഡത്തിന്റെ ഇഷ്ടത്താലല്ല, പുരുഷന്റെ ഇഷ്ടത്താലുമല്ല, ദൈവത്തിൽ നിന്നത്രേ ജനിച്ചതു. (യോഹന്നാന്‍ 1:12-13) 

കർത്താവായ യേശുക്രിസ്തുവിന്റെ നാമം മഹത്ത്വപ്പെടട്ടെ. ആമേൻ. 🙏

Notes:

a. പാപം: ഒരു യജമാനൻ, അതേസമയത്തുതന്നെ തിന്മപ്രവർത്തിയും.
b. ദേഹി: ആത്മ രൂപം മൺമയ ശരീരത്തിൽ വസിക്കുന്നത് — ആദാം ഒരു ജീവനുള്ള ദേഹി ആയിരുന്നു.
Post a Comment (0)
Previous Post Next Post