നിയമവും അതിന്റെ പോരായ്മയും

ഈ ബ്ലോഗിൽ മൂന്ന് വിധ പ്രമാണ വ്യവസ്ഥകളെക്കുറിച്ച് ഒരു ലേഖനം എഴുതിയിരുന്നു. അതിൽത്തന്നെ നിയമത്തിനു മനുഷ്യനിൽ നിന്നും പൂർണ്ണമായ തോതിൽ ഒരു നീതി പുറപ്പെടുവിക്കുവാൻ സാധിക്കാത്ത അവസ്ഥയെക്കുറിച്ച് വിവരിച്ചിരുന്നു. ആ ലേഖനത്തിന്റെ തുടർച്ച എന്നവണ്ണം ഇത് വായിക്കേണ്ടതാണ്.


അങ്ങനെ പൂർണ്ണമായ നീതി പുറപ്പെടുവിക്കുവാൻ (സൽഗുണപൂർണ്ണത) സാധിക്കാത്തതായ മനുഷ്യരെ നാം പഴയ നിയമ പുസ്തകത്തിൽ കാണുന്നുണ്ട്.  അതിനു കാരണം ദൈവത്തിന്റെ നീതിയുള്ള നിയമ വ്യവസ്ഥയുടെ പ്രശ്നമല്ല, മറിച്ച് മനുഷ്യന് നിയമത്തിന്റെ നീതി പുറപ്പെടുവിക്കുവാൻ ഉതകുന്ന ഒരു വ്യവസ്ഥയല്ല പഴയ നിയമത്തിൽ നാം കാണുന്നത്. നിയമം കൊടുത്തിരിക്കുന്നത് പാപത്തിന്റെ ബന്ധനത്തിൽ കഴിയുന്ന മനുഷ്യർക്കാണ്.ആ ബലഹീനതമൂലം (ജഡത്താലുള്ള ബലഹീനത) മനുഷ്യർക്ക് ദൈവം നൽകിയിട്ടുള്ള നീതിയുടെ നിയമങ്ങൾ പൂർണ്ണമായ തോതിൽ അനുസരിക്കുവാൻ സാധിച്ചിരുന്നില്ല.

അതായത് വിശുദ്ധവും ന്യായവും നല്ലതുമായ നിയമത്തിനല്ല, അത് ലഭിച്ചിരിക്കുന്ന മനുഷ്യർക്കാണ് പ്രശ്നം! അതിനെ ഒരു പോരായ്മയായിട്ടു നമുക്ക് കാണാം.

ദൈവം കല്പന കൊടുത്തിരുന്നത് പാപം (പിശാച്) വസിച്ചിരുന്ന ഒരു മനുഷ്യന്റെ ബുദ്ധിയിലാണ് (ജഡം). എന്നാൽ മനുഷ്യന്റെ ശരീരത്തിൽ നിയമങ്ങൾ ലഭിക്കുന്നതിന് മുൻപ്തന്നെ മറ്റൊരു പ്രമാണം വാണിരുന്നു, അത് ദൈവത്തിന്റെ പ്രമാണത്തിനു നേർ വിപരീതമായ പാപത്തിന്റെ പ്രമാണം തന്നെ. അതായത്, ദൈവ നിയമത്തിന് വിപരീതമായ മറ്റൊന്ന് മനുഷ്യനിൽ വാണിരുന്നു. അതുമൂലം ബുദ്ധിയിൽ നല്കപ്പെട്ട ദൈവ പ്രമാണം ഒരു അവസരമായി മുതലെടുത്ത് പാപം (പിശാച്) മനുഷ്യനെ ചതിക്കുകയും കൊല്ലുകയുമാണ് ചെയ്‌തിരുന്നത്. അതിനെ ജയിക്കുവാനുള്ള പ്രാപ്തി  (ജഡത്തിലുള്ള ദൈവസഹായം) മനുഷ്യന് ഇല്ലായിരുന്നു എന്നുള്ളതാണ് കാര്യം.

കൊല്ലരുത്, മോഷ്ടിക്കരുത്, വ്യഭിചാരം ചെയ്യരുത്, കള്ളസാക്ഷ്യം പറയരുത്, മോഹിക്കരുത് എന്നുള്ള ദൈവനിയമങ്ങൾ അനുസരിക്കാൻ ശ്രമിക്കുന്ന മനുഷ്യൻ പല ജീവിത സാഹചര്യങ്ങളിലും തെറ്റി വീഴുന്നതായി പഴയ നിയമം പരിശോധിക്കുമ്പോൾ നാം കാണുന്നുണ്ട്. എന്നാൽ ഈ നിയമങ്ങൾ പാപം വസിക്കുന്ന മനുഷ്യനിൽ പാപം അധികാരം നടത്തുന്നതുകൊണ്ട് അവന് അനുസരിക്കുവാൻ സാധിക്കയില്ല എന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ്  ദൈവം അത് കൊടുത്തിരിക്കുന്നത്. അതിന്റെ പൂർണ്ണ നീതി മനുഷ്യൻ പുറപ്പെടുവിക്കുവാൻ വേണ്ടിയായിരുന്നില്ല എന്നും പാപം (പിശാച്) തങ്ങളിൽ കർത്തൃത്വം നടത്തുന്നുണ്ട് എന്നുള്ളത് മനസിലാക്കി തരിക എന്നുള്ളതായിരുന്നു ആ നിയമങ്ങളുടെ ലക്ഷ്യം. മാത്രവുമല്ല വെള്ളിപ്പെടുവാനിരുന്ന ക്രിസ്തുയേശുവിലെ വിശ്വാസത്തിനായി മനുഷ്യരെ അടെച്ചു സൂക്ഷിക്കുന്നതിനും കൂടെയാണ് അത് നൽകിയിരുന്നത്. അതുമൂലം നിയമം ഒരു ശിശുപാലകനായി ഭവിച്ചു എന്നുമാണ് വചനത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്.

ഇനി നമുക്ക് യേശുവിന്റെ മുമ്പിലുള്ള ഒരു സാഹചര്യം നോക്കാം. അശുദ്ധത്മാവുള്ള ഒരു മനുഷ്യനെ യേശു സൗഖ്യമാക്കുന്ന ഒരു സംഭവം മർക്കൊസിന്റെ സുവിശേഷത്തിൽ 5ന്റെ 1 മുതൽ 20 വരെ കാണാം.

പലപ്പോഴും അവനെ വിലങ്ങും ചങ്ങലയുംകൊണ്ടു ബന്ധിച്ചിട്ടും അവൻ ചങ്ങല വലിച്ചുപൊട്ടിച്ചും വിലങ്ങു ഉരുമ്മി ഒടിച്ചും കളഞ്ഞു; ആർക്കും അവനെ അടക്കുവാൻ കഴിഞ്ഞില്ല. (മർക്കൊസ് 5:4)

“അശുദ്ധാത്മാവേ, ഈ മനുഷ്യനെ വിട്ടു പുറപ്പെട്ടുപോക” എന്നു യേശു കല്പിച്ചിരുന്നു. (മർക്കൊസ് 5:8)

ആശുദ്ധാത്മാവുള്ള മനുഷ്യനെ ചങ്ങലകൊണ്ട് ബന്ധിച്ചിരിക്കുന്നതായി നമുക്ക് ഇവിടെ കാണാൻ സാധിക്കുന്നു. അവൻ ചങ്ങലയാൽ ബന്ധിക്കപ്പെട്ടിട്ടും പലപ്പോഴും അത് പൊട്ടിച്ച് തന്റെ ഇഷ്ടം പ്രവർത്തിക്കുന്നത് കാണുവാൻ സാധിക്കുന്നു. എന്നാൽ യേശു അവന്റെ ജീവിതത്തിൽ വന്ന് പ്രവർത്തിച്ചപ്പോൾ അശുദ്ധാത്മാക്കൾ പോയശേഷം അവൻ സ്വസ്ഥമായിരുന്നു. ചങ്ങലയുടെ ആവശ്യം പിന്നീട് അവനു വേണ്ടിവരുന്നില്ല, അവനെ അടക്കി വെക്കേണ്ടതുമില്ല.

ദൈവം മനുഷ്യന് നൽകിയിരുന്ന ന്യായപ്രമാണവും അശുദ്ധാത്മാവുള്ള മനുഷ്യനെ ബന്ധിച്ചിരിക്കുന്ന ചങ്ങലയും ഒരുപോലെയാണെന്നാണ് നാം മനസ്സിലാക്കേണ്ടത്. ന്യായപ്രമാണം എന്താണ് ചെയ്യുന്നത്? മനുഷ്യനെ അടെച്ചു ബന്ധനത്തിലാക്കി സൂക്ഷിക്കുകയാണ് ചെയ്യുന്നത്. എങ്ങനെയുള്ള ശരീരത്തിൽ? അതെ, അത് പാപം വസിക്കുന്നതും പാപത്തിന്റെതുമായ നിയമങ്ങൾ നടപ്പിലാക്കുന്നതുമായ ഒരു  ശരീരമാണ്. ഈ ശരീരത്തെ പാപശരീരം എന്നാണ് പുതിയനിയമം ഒരിക്കലായി വിശേഷിപ്പിക്കുന്നത്.

അതായത് അശുദ്ധാത്മാവുള്ള ശരീരത്തിൽ അതിന്റെ പ്രവർത്തികളെ  തടയിടുക എന്നുള്ളതാണ് ചങ്ങലയുടെ ലക്ഷ്യം. എന്നാൽ മനുഷ്യനിൽ വസിക്കുന്ന അശുദ്ധാത്മാവ് (പാപം) അതിൽ നിലനിൽക്കാതെ ചങ്ങല (നിയമം) പൊട്ടിക്കുവാൻ ഇടയാകുന്നു, അതുപോലെ, പാപം വസിക്കുന്ന മനുഷ്യൻ നിയമം ലംഘിക്കുകയുമാണ് ചെയ്യുന്നത്. ഇപ്രകാരമുള്ള പാപവ്യവസ്ഥ ഉളവാക്കുന്ന അവസ്ഥയിലാണ് യേശു അവന്റെ ജീവിതത്തിൽ വരുന്നത്. യേശു വന്നശേഷമോ അശുദ്ധാത്മാവ് നീക്കപ്പെടുന്നു. അശുദ്ധാത്മാവ് നീക്കപ്പെട്ടതുകൊണ്ട്, അവനെ ചങ്ങലകൊണ്ട് ബന്ധിക്കേണ്ടതില്ല. ചുരുക്കിപ്പറഞ്ഞാൽ നിയമത്തിന് ജയിക്കുവാൻ കഴിയാത്ത അവസ്ഥ മനുഷ്യനിൽ മുന്നമെ നിലനിന്നിരുന്നു. അതായത് അശുദ്ധാത്മാവിന്റെ പ്രമാണവും ചങ്ങലയുടെ പ്രമാണവും ഒരു മനുഷ്യനിൽ ഒരുമിക്കുന്നു.

ബൈബിളിലെ പുതിയനിയമത്തിലെ ഒരു വാക്യം നോക്കാം.

ജീവന്റെ ആത്മാവിന്റെ പ്രമാണം എനിക്കു പാപത്തിന്റെയും മരണത്തിന്റെയും പ്രമാണത്തിൽനിന്നു ക്രിസ്തുയേശുവിൽ സ്വാതന്ത്ര്യം വരുത്തിയിരിക്കുന്നു. (റോമർ 8:2)

രണ്ടു പ്രമാണ വ്യവസ്ഥയിൽ നിന്ന് ക്രിസ്തുയേശുവിലുള്ള വിശ്വാസത്താൽ നമുക്ക് സ്വാതന്ത്ര്യം ലഭിച്ചിരിക്കുന്നു എന്നാണ് എഴുത്തുകാരൻ ഇവിടെ പ്രതിപാദിക്കുന്നത് (അശുദ്ധത്മാവും ചങ്ങലയും അതിൽനിന്ന് മോചനം നൽകുന്ന യേശുവും).യേശുവിലുള്ള വിശ്വാസത്താൽ ന്യായപ്രമാണത്തിന്റെ വ്യവസ്ഥയിൽ നിൽക്കേണ്ടി വരുന്നില്ല എന്ന് സാരം; വിശ്വസിക്കുന്നവർ അതിൽ നിന്നും ഒഴിവുള്ളവർ ആകുന്നു എന്നുള്ളത് സത്യം. കാരണം, നീതിക്ക് തടസം നിന്നിരുന്ന പാപം എന്ന യജമാനൻ കുരിശിൽ ശിക്ഷിക്കപ്പെട്ടു എന്നുള്ളതുതന്നെ. (സങ്കീർത്തനങ്ങൾ 9:16 )

മറ്റൊരു വേദ ഭാഗം കൂടി നമുക്ക് പരിശോധിക്കാം. റോമർക്ക് എഴുതിയ ലേഖനം, അതിന്റെ ഏഴാം അധ്യായത്തിൽ ഭാര്യാഭർത്തൃ ബന്ധത്തെ ഒരു ദൃഷ്ടാന്തമായി വിവരിക്കുന്നുണ്ട്.

2. ഭർത്താവുള്ള സ്ത്രീ ജീവിച്ചിരിക്കുന്ന ഭർത്താവിനോടു ന്യായപ്രമാണത്താൽ ബന്ധിക്കപ്പെട്ടിരിക്കുന്നു. ഭർത്താവു മരിച്ചാൽ അവൾ ഭർത്തൃന്യായപ്രമാണത്തിൽനിന്നു ഒഴിവുള്ളവളായി.
3. ഭർത്താവു ജീവിച്ചിരിക്കുമ്പോൾ അവൾ വേറെ പുരുഷന്നു ആയാൽ വ്യഭിചാരിണി എന്നു പേർവരും; ഭർത്താവു മരിച്ചു എങ്കിലോ അവൾ വേറെ പുരുഷന്നു ആയാൽ വ്യഭിചാരിണി എന്നു വരാതവണ്ണം ന്യായപ്രമാണത്തിൽനിന്നു സ്വതന്ത്രയാകുന്നു.
4. അതുകൊണ്ടു സഹോദരന്മാരേ, നാം ദൈവത്തിന്നു ഫലം കായ്ക്കുമാറു മരിച്ചിട്ടു ഉയിർത്തെഴുന്നേറ്റവനായ വേറൊരുവന്നു ആകേണ്ടതിന്നു നിങ്ങളും ക്രിസ്തുവിന്റെ ശരീരം മുഖാന്തരം ന്യായപ്രമാണസംബന്ധമായി മരിച്ചിരിക്കുന്നു.

ഇവിടെ ഭർത്താവുള്ള സ്ത്രീ ഭർത്തൃന്യായപ്രമാണപ്രകാരം ഭർത്താവിന് കീഴടങ്ങിയിരിക്കേണം എന്നെഴുതിയിരിക്കുന്നു. അതുകൊണ്ടുതന്നെ ഭർത്താവ് ജീവിച്ചിരിക്കുമ്പോൾ സ്ത്രീ വേറൊരുവന് ആകുവാൻ പാടില്ല. അതായത് ഭർത്തൃന്യായപ്രമാണപ്രകാരം ഭാര്യ ഭർത്താവിന്റേതല്ലാത്ത വേറൊരുവന്റെ കുഞ്ഞിനെ ജന്മം നൽകുവാൻ അനുവദിക്കുന്നില്ല. അങ്ങനെയായാൽ വ്യഭിചാരിണി എന്ന് അവൾക്ക് പേര് വരും. എന്നാൽ ഭർത്താവ് മരിച്ചു എങ്കിലോ? ഈ  ഭർത്തൃന്യായപ്രമാണത്തിൽ നിന്നും സ്ത്രീ സ്വതന്ത്രയാകുവാനും വ്യഭിചാരിണി എന്ന് പേര് വരാതവണ്ണം സ്ത്രീക്ക് മരിച്ചിട്ട് ഉയിർത്തെഴുന്നേറ്റവനായ വേറൊരുവന് ആയിത്തീരുവാനും സാധിക്കുന്നു.

ഇവിടെ ആത്മാവും പാപവുമായിട്ടുള്ള ബന്ധമാണ് ഭാര്യാഭർത്തൃ ബന്ധത്തിലൂടെ വചനം വരച്ചു കാണിക്കുന്നത്. ആത്മാവ് പാപത്തിന്റെ കർത്തൃത്വത്തിൻ കീഴിലാണുള്ളത്. ആത്മാവിന് (ദേഹിക്ക്, soul ) ക്രിസ്തുവിനോട് ചേരണമെങ്കിൽ മുൻപ് കർത്തൃത്ത്വം നടത്തിയിരുന്ന പാപം മരിച്ചു എങ്കിലെ സാധിക്കുകയുള്ളു. അങ്ങനെ പാപം (പിശാച്) മരിച്ച് ആത്മാവ് സ്വാതന്ത്ര്യം പ്രാപിച്ചതിന് ശേഷമേ ക്രിസ്തുവിനായിത്തീരുന്നുള്ളു.

എന്നാൽ എങ്ങനെയാണ് പാപം മരിക്കുന്നത്? അത് ന്യായവിധിയിലൂടെ തന്നെ; ലോകത്തിന്റെ പ്രഭു വിധിക്കപ്പെട്ടു. എവിടെവെച്ച്? കുരിശിൽ വെച്ച് തന്നെ. അതെങ്ങനെ? ദൈവം യേശുവിനെ പാപം ആക്കി പാപത്തിന് ജഡത്തിൽ ശിക്ഷ കൊടുത്തതുമൂലം, അതിൽ വിശ്വസിക്കുന്ന ഏതൊരു മനുഷ്യന്റെയും മുകളിലുള്ള പാപത്തിന്റെ (പിശാചിന്റെ) യജമാനത്വം നീങ്ങിയിരിക്കുന്നു. അതായത് വിശ്വസിക്കുന്ന മനുഷ്യനാണ് സ്വാതന്ത്ര്യം ലഭിക്കുന്നത് എന്നുതന്നെ.

ഇങ്ങനെ പാപ വ്യവസ്ഥയിൽ കിടന്നിരുന്ന മനുഷ്യന് അതിൽ നിന്നും സ്വാതന്ത്ര്യം പ്രാപിച്ച ശേഷം ദൈവനിയമത്തിന്റെ പൂർണ്ണ തോതിലുള്ള നീതി പുറപ്പെടുവിക്കുവാൻ സാധിക്കുമോ? അത് ദൈവത്തിന്റെ പദ്ധതിയിൽ ഉണ്ടോ? തീർച്ചയായും, ക്രിസ്തുവിൽ തികഞ്ഞവനാക്കുക എന്നുള്ളതാണ് വചനത്തിന്റെ ലക്ഷ്യം എന്നും കൂടി നാം ഓർക്കേണ്ടതുണ്ട്. ക്രിസ്തുവിനോട് കൂടെയുള്ള മനുഷ്യന്റെ മരണത്തിൽ പാപത്തിൽനിന്നു സ്വാതന്ത്ര്യം ലഭിച്ചു നീതിക്കു ദാസന്മാരായിത്തീർന്നിരിക്കുകയാണ്.

ദൈവത്തിന്റെ നീതി മനുഷ്യനിൽ വെളിപ്പെടേണം എന്നുള്ളത് ആവശ്യമല്ലോ!  അത് എങ്ങനെ നടക്കും? സുവിശേഷത്താൽ തന്നെ... സുവിശേഷം ദൈവ ശക്തിയാകുന്നു എന്ന് വചനത്തിൽ എഴുതിയിരിക്കുമ്പോൾ തന്നെ ദൈവത്തിന്റെ നീതി വെളിപ്പെടുത്തുന്ന ഒന്നാണ് എന്നും എഴുതിയിരിക്കുന്നു. അതാകട്ടെ വിശ്വാസം മൂലവും വിശ്വാസത്തിനായിട്ടുമാണ് വെളിപ്പെട്ടിരിക്കുന്നത്. അതെ, സുവിശേഷത്തിലെ അടിസ്ഥാനവും വിശ്വാസം തന്നെ. ദൈവത്തിന്റെ അതിമഹത്തായ കൃപയിലേക്ക് യേശുക്രിസ്തുവിലെ വിശ്വാസത്താലാണ് പ്രവേശനം ലഭിക്കുന്നത്.

അങ്ങനെയുള്ള വിശ്വാസത്തിൽ എന്താണ് നടക്കുന്നത്? പാപമോചനം തന്നെ. പാപത്തിന് (പിശാചിന്) അടിമയായിരുന്ന മനുഷ്യന് അതിൽ നിന്നും യേശുക്രിസ്തുവിലെ ക്രൂശിലെ വിശ്വാസത്താൽ പൂർണ്ണ സ്വാതന്ത്ര്യം ലഭിക്കുകയാണ് ചെയ്യുന്നത്. അതിൽ നമ്മുടെ പഴയ പാപശരീരം (പിശാച് വസിച്ചിരുന്ന ശരീരം) ക്രിസ്തുവിനോടുകൂടെ ക്രൂശിക്കപ്പെട്ടു ഇല്ലാതാകുകയാണ് സംഭവിക്കുന്നത്.

ഇങ്ങനെയുള്ള വിശ്വാസം വരുന്നതിനു മുൻപ് ന്യായപ്രമാണവ്യവസ്ഥയിൽ എന്നേക്കുമുള്ള പാപപരിഹാരമായിരുന്നില്ല ലഭിച്ചിരുന്നത്; മറിച്ച്, പാപക്ഷമയായിരുന്നു യാഗങ്ങളാൽ ലഭിച്ചിരുന്നത്. മാത്രമല്ല, പാപം നീക്കപ്പെടാത്തതുമൂലം പിന്നിടും പാപം ചെയ്യുകയും ചെയ്യുന്ന ലംഘനങ്ങൾക്ക് വീണ്ടും വീണ്ടും യാഗങ്ങൾ അർപ്പിക്കേണ്ടിയും വന്നിരുന്നു. എന്നാൽ ക്രിസ്തുവിന്റെ പ്രമാണ വ്യവസ്ഥയിൽ നിയമത്തിന്റെ അനുസരണത്തിന് തടസമായിരുന്ന പാപത്തെ നീക്കം വരുത്തുകയാണ് ചെയ്യുന്നത്. അതായത് ആണ്ടുതോറും കഴിച്ചു വരുന്ന യാഗങ്ങളും വഴിപാടുകളും നീക്കി യേശുക്രിസ്തു ഒരിക്കലായി ചെയ്ത ശരീര യാഗത്താൽ (പാപമാക്കപ്പെട്ട് മരിച്ചതിലൂടെ) നമുക്ക് വിശുദ്ധീകരണം വരുത്തുന്നു.

ഇതിനെക്കുറിച്ചാണ് എബ്രായ ലേഖന കർത്താവ് രണ്ടാമത്തേതിനെ സ്ഥാപിപ്പാൻ ഒന്നാമത്തേതിനെ നീക്കിക്കളയുന്നു എന്ന് രേഖപ്പെടുത്തിയിക്കുന്നത്. ആദ്യനിയമവ്യവസ്ഥയുടെ കുറവ് നിമിത്തമല്ല രണ്ടാമത്തെ വിശ്വാസ വ്യവസ്ഥ വേണ്ടി വന്നത്. മനുഷ്യനിൽ പൂർണ്ണത കൈവരിക്കുവാൻ തടസ്സമായിരുന്ന പാപം ഒന്നാമത്തെ വ്യവസ്ഥയുപയോഗിച്ച് മനുഷ്യനിൽ  മരണം ഉളവാക്കിയിരുന്നു. അതിനാലാണ് ഈ രണ്ടു കാര്യങ്ങളിൽ നിന്നും (ന്യായപ്രമാണവും പാപവും) സ്വാതന്ത്ര്യം പ്രാപിക്കുവാൻ ഉതകുന്ന ക്രിസ്തുവിന്റെ പ്രമാണം അതായത് ജീവന്റെ ആത്മാവിന്റെ പ്രമാണം വരേണ്ടി വന്നത്. അങ്ങനെ വിശ്വാസം എന്ന ദൈവവ്യവസ്ഥയിലൂടെ ദൈവത്തിന്റെ കൃപയിലേക്ക് പാപം വിട്ടൊഴിഞ്ഞു മനുഷ്യർക്ക് പ്രവേശനം സാധ്യമാകുന്നു.

പാപം എന്ന തടസ്സം ക്രിസ്തുയേശുവിലെ വിശ്വാസത്താൽ എന്നേക്കുമായി നീക്കം ചെയ്ത് ന്യായപ്രമാണത്തിന്റെ നീതി നിവൃത്തിയാകേണം എന്നുള്ളതാണ് ദൈവേഷ്ടം. നീതി ചെയ്യുന്നവനൊക്കെയും ദൈവത്തിൽ നിന്നും ജനിച്ചിരിക്കുന്നുഎന്റെ നീതിമാൻ വിശ്വാസത്താൽ ജീവിക്കും എന്നുള്ള വചന ഭാഗങ്ങൾ ഓർമിച്ചുകൊണ്ടു ഈ ചെറു ലേഖനം ഇവിടെ നിർത്തുന്നു. കർത്താവിലുള്ള കൃപയോട് കൂടിയ വിശ്വാസവും സ്നേഹവും കൂടെയിരിക്കട്ടെ. ആമേൻ. 🙏

1 Comments

  1. വചനവ്യാഖ്യാനങ്ങൾ മനോഹരമായ രീതിയിൽ തന്നെ. ദൈവം അവിടുത്തെ കാരുണ്യത്തിൽ എന്നും നിലനിർത്തട്ടെ. എല്ലാവിധ നന്മകളും ആശംസകളും നേരുന്നു,പ്രാർത്ഥനയിൽ ഓർക്കുന്നു.💞💞

    ReplyDelete
Post a Comment
Previous Post Next Post