ഉല്പത്തി പുസ്തകം 9-ആം അധ്യായം 25 മുതൽ 27 വരെയുള്ള വാക്യം നമുക്ക് ഇങ്ങനെ വായിക്കാം.
അപ്പോൾ അവൻ: കനാൻ ശപിക്കപ്പെട്ടവൻ; അവൻ തന്റെ സഹോദരന്മാർക്കു അധമദാസനായ്തീരും എന്നു പറഞ്ഞു. ശേമിന്റെ ദൈവമായ യഹോവ സ്തുതിക്കപ്പെട്ടവൻ; കനാൻ അവരുടെ ദാസനാകും. ദൈവം യാഫെത്തിനെ വർദ്ധിപ്പിക്കട്ടെ; അവൻ ശേമിന്റെ കൂടാരങ്ങളിൽ വസിക്കും; കനാൻ അവരുടെ ദാസനാകും എന്നും അവൻ പറഞ്ഞു. (ഉല്‍പത്തി 9:25-27)
ഇതിന്റെ സന്ദർഭവും നമുക്ക് തൊട്ടു മുൻപിലുള്ള വാക്യങ്ങളിൽ കാണാം.
പ്രളയത്തിന് ശേഷം നോഹ കൃഷി ചെയ്തുണ്ടാക്കിയ മുന്തിരിത്തോട്ടത്തിൽ ഒരു ദിവസം വീഞ്ഞ് കുടിച്ചു ലഹരിപിടിച്ചു തന്റെ കൂടാരത്തിൽ നഗ്നനായി കിടക്കുകയുണ്ടായി.
അങ്ങനെ കിടക്കുന്നതു തന്റെ പുത്രനായ കനാൻറെ പിതാവായ ഹാം കണ്ടു. ഹാം അങ്ങനെ കണ്ടു, ആ വിവരം ചെന്ന് തന്റെ സഹോദരൻമ്മാരെ അറിയിച്ചു. അതുമൂലം നോഹയുടെ മറ്റു രണ്ടു പുത്രൻമാർ വന്നു അപ്പന്റെ നഗ്നത കാണാതെ വസ്ത്രം എടുത്തു അപ്പന്റെ നഗ്നത ആദ്യം മറച്ചു, അവർ പിതാവിന്റെ നഗ്നത കണ്ടതുമില്ല.
ലഹരി വിട്ടപ്പോൾ ഇളയ മകനായ ഹാം ചെയ്തത് അറിഞ്ഞു പറഞ്ഞ വക്കുകളാണ് മുകളിൽ കൊടുത്തിരിക്കുന്നത്.
ഇത്രയും കാര്യം ഉല്പത്തി 9:18-24 വരെ വായിക്കുമ്പോൾ മനസിലാക്കാം.
പക്ഷെ നമുക്ക് നോഹ പറഞ്ഞ വാക്കുകളിൽ ഹാമിനെ ശപിക്കാതെ ഹാമിന്റെ മകനായ കനാനെ ശപിക്കുന്നതാണ് കാണുന്നത്.
അതെന്തുകൊണ്ടാണെന്നുകൂടി നമുക്ക് ചിന്തിക്കാം.
ഇതേ അധ്യായത്തിന്റെ ആദ്യവാക്യം പരിശോധിച്ചാൽ നമുക്ക് വായിക്കുവാൻ സാധിക്കും;
ദൈവം നോഹയെയും അവന്റെ പുത്രന്മാരെയും അനുഗ്രഹിച്ചു അവരോടു അരുളിച്ചെയ്തതെന്തെന്നാൽ: നിങ്ങൾ സന്താനപുഷ്ടിയുള്ളവരായി പെരുകി ഭൂമിയിൽ നിറവിൻ. (ഉല്‍പത്തി 9:1)
ദൈവം നോഹയെയും അവന്റെ പുത്രന്മാരെയും അനുഗ്രഹിച്ചു എന്ന് നമുക്ക് ഇവിടെ കാണാം.
ഇനി നമുക്ക് മറ്റൊരു ഭാഗം നോക്കാം, മൊവാബ്യ രാജാവായ സിപ്പോരിൻറെ മകനായ ബാലാക്ക് ബെയോരിന്റെ മകനായ ബിലെയാമിനെക്കൊണ്ടു യിസ്രായേലിനെ ശപിക്കുവാൻ വേണ്ടി ആളയച്ചു പറയുന്നത് നോക്കാം.
അവൻ ബെയോരിന്റെ മകനായ ബിലെയാമിനെ വിളിപ്പാൻ അവന്റെ സ്വജാതിക്കാരുടെ ദേശത്തു നദീതീരത്തുള്ള പെഥോരിലേക്കു ദൂതന്മാരെ അയച്ചു: ഒരു ജനം മിസ്രയീമിൽനിന്നു പുറപ്പെട്ടുവന്നു ഭൂതലത്തെ മൂടിയിരിക്കുന്നു; അവർ എനിക്കെതിരെ പാർക്കുന്നു. നീ വന്നു എനിക്കുവേണ്ടി ഈ ജനത്തെ ശപിക്കേണമേ; അവർ എന്നെക്കാൾ ഏറ്റവും ബലവാന്മാർ ആയിരിക്കകൊണ്ടു പക്ഷേ അവരെ തോല്പിച്ചു ദേശത്തുനിന്നു ഓടിച്ചുകളവാൻ എനിക്കു കഴിവുണ്ടാകുമായിരിക്കും; നീ അനുഗ്രഹിക്കുന്നവൻ അനുഗ്രഹിക്കപ്പെട്ടവൻ, നീ ശപിക്കുന്നവൻ ശപിക്കപ്പെട്ടവൻ എന്നു ഞാൻ അറിയുന്നു എന്നു പറയിച്ചു. (സംഖ്യാപുസ്തകം 22:5-6)
ദൈവം പിന്നെ ബിലെയാമിനോട് പറയുന്ന വാക്കുകൾ കൂടി നമുക്ക് വായിക്കാം.
ദൈവം ബിലെയാമിനോടു: നീ അവരോടുകൂടെ പോകരുതു; ആ ജനത്തെ ശപിക്കയും അരുതു; അവർ അനുഗ്രഹിക്കപ്പെട്ടവർ ആകുന്നു എന്നു കല്പിച്ചു. (സംഖ്യാപുസ്തകം 22:12)
എങ്കിലും ഈ കല്പന മറികടന്നു ബിലെയാം അവരോടു കൂടെ പോകുന്നുണ്ട്. പക്ഷെ യിസ്രായേലിനെ ശപിക്കാൻ കഴിയാതെ അവരെ അനുഗ്രഹിക്കുന്ന കാര്യവും നമുക്ക് പിന്നീട് കാണാം. അപ്പോൾ ബിലെയാമിന്റെ വാക്കുകൾ നമുക്ക് ശ്രദ്ധിക്കാം.
ദൈവം ശപിക്കാത്തവനെ ഞാൻ എങ്ങനെ ശപിക്കും? യഹോവ പ്രാകാത്തവനെ ഞാൻ എങ്ങനെ പ്രാകും? (സംഖ്യാപുസ്തകം 23:8)
ഇവിടെയൊക്കെ നമുക്ക് കാണുവാൻ സാധിക്കുന്നത് ദൈവം അനുഗ്രഹിച്ചവനെ ശപിക്കുവാൻ ആർക്കു സാധിക്കും എന്നാണ്. ദൈവം നോഹയെയും അവന്റെ പുത്രന്മാരെയും അനുഗ്രഹിച്ചു എന്ന് നാം വായിച്ചു, അത് അറിയാവുന്ന നോഹ ദൈവം അനുഗ്രഹിച്ച തന്റെ സ്വന്ത മകനായ ഹാമിനെ ശപിക്കാതെ ഹാമിന്റെ മകനായ കനാനെ ശപിക്കുന്നതാണ് നാം കണ്ടത്.