മുകളിൽ കൊടുത്തിരിക്കുന്ന മൊബൈൽ ഫോണിൽ പകർത്തിയ ചിത്രം പങ്കു വെക്കുവാൻ വേണ്ടി മാത്രമാണ് ഈ ബ്ലോഗ് പോസ്റ്റ് എഴുതി തുടങ്ങിയത്.
അതിൽ കൊടുത്തിരിക്കുന്ന വചന ഭാഗം യേശുക്രിസ്തുവിന്റെ ഗിരി പ്രഭാഷണത്തിൽ നിന്നുള്ളതാണ്:
“ആകാശത്തിലെ പറവകളെ നോക്കുവിൻ; അവ വിതയ്ക്കുന്നില്ല, കൊയ്യുന്നില്ല, കളപ്പുരയിൽ കൂട്ടിവയ്ക്കുന്നതുമില്ല; എങ്കിലും സ്വർഗസ്ഥനായ നിങ്ങളുടെ പിതാവ് അവയെ പുലർത്തുന്നു; അവയെക്കാൾ നിങ്ങൾ ഏറ്റവും വിശേഷതയുള്ളവരല്ലയോ?” (മത്തായി 6:26)
ജീവന്നായിക്കൊണ്ടും ശരീരത്തിന്നായിക്കൊണ്ടും നിങ്ങൾ ആകുലപ്പെടരുത് എന്നുള്ളതാണ് ഈ വചന ഭാഗത്തിന്റെ ഉള്ളടക്കം. വിശ്വാസിയായ ഒരു മനുഷ്യന് ആവിശ്യമുള്ളതെന്തെന്ന് പിതാവായ ദൈവത്തിന് അറിയാമെന്നും; ആ വക കാര്യങ്ങളിൽ ആകുലപ്പെടാതെ ആദ്യം അവന്റെ രാജ്യവും നീതിയും അന്വേഷിക്കട്ടെ എന്നുള്ള ദൈവ താല്പര്യം ഇവിടെ തെളിഞ്ഞിരിക്കുന്നു.
വിശ്വാസത്തിലേക്ക് വരുവാൻ ആഗ്രഹിക്കുന്ന പല വ്യക്തികളും ഇങ്ങനെയുള്ള കാര്യങ്ങളിൽ ആകുലപ്പെടരുതെന്നും വിശ്വാസത്തിലേക്ക് ഉറപ്പോടെ കടന്നു വരേണമെന്നുള്ളതും രണ്ടു യജമാനനെ ഒരേസമയം സേവിക്കുവാൻ കഴിയുകയില്ലെന്നും അതുകൊണ്ടു തന്റെ പഴയ യജമാനനായ പാപത്തെ വെടിഞ്ഞു ക്രിസ്തുവിനെ ധൈര്യത്തോടെ സേവിക്കേണ്ടത് അനിവാര്യവും ഒഴിച്ചുകൂടാനാവാത്തതുമാണെന്ന് ഈ വചന ഭാഗത്തിൽ നിന്നും മനസിലാക്കാം.
ഇതിനോട് കൂടെ മറ്റൊരു സന്ദർഭം കൂടി വിവരിക്കുവാനായിട്ടു ഞാനാഗ്രഹിക്കുന്നു. വേറൊരു കൂട്ടം പറവയെ കുറിച്ചാണത്. അതിനായി നമുക്ക് മത്തായിയുടെ പുസ്തകത്തിൽ നിന്നും മറ്റൊരുവാക്യം വായിക്കാം.
അവൻ അവരോടു പലതും ഉപമകളായി പ്രസ്താവിച്ചതെന്തന്നാൽ: “വിതെക്കുന്നവൻ വിതെപ്പാൻ പുറപ്പെട്ടു. വിതെക്കുമ്പോൾ ചിലതു വഴിയരികെ വിണു; പറവകൾ വന്നു അതു തിന്നു കളഞ്ഞു. (മത്തായി 13:3-4)
ഇതിന്റെ വ്യാഖ്യാനം 18 മുതലുള്ള വാക്യങ്ങളിൽ നിന്നും യേശു തന്നെ ശിഷ്യന്മാർക്ക് വിവരിച്ചുകൊടുക്കുന്നത് കാണാം.
എന്നാൽ വിതെക്കുന്നവന്റെ ഉപമ കേട്ടുകൊൾവിൻ. ഒരുത്തൻ രാജ്യത്തിന്റെ വചനം കേട്ടിട്ടു ഗ്രഹിക്കാഞ്ഞാൽ ദുഷ്ടൻ വന്നു അവന്റെ ഹൃദയത്തിൽ വിതെക്കപ്പെട്ടതു എടുത്തുകളയുന്നു; ഇതത്രെ വഴിയരികെ വിതെക്കപ്പെട്ടതു. (മത്തായി 13:18-19)
ദുഷ്ടനെ ഒരു പറവയോടാണ് യേശുക്രിസ്തു ഇവിടെ ഉപമിച്ചിരിക്കുന്നത്. വിതെക്കുന്നവൻ അഥവാ സുവിശേഷം അറിയിക്കുന്നവൻ വചനം മനുഷ്യരിലേക്ക് അറിയിക്കുമ്പോൾ അത് ഉൾക്കൊള്ളാതെയിരുന്നാൽ ദുഷ്ടൻ അഥവാ സാത്താൻ വചനത്തെ അവരുടെ ഹൃദയങ്ങളിൽ നിന്നും എടുത്തു കളയുന്നു എന്നുള്ള വസ്തുത ഇവിടെ ചൂണ്ടി കാണിക്കുന്നു.
നല്ല നിലത്തു വീണത് മാത്രമാണ് നൂറും അറുപതും മുപ്പതും മേനിയായി വിളഞ്ഞത്. അതുകൊണ്ടു തന്നെ നിലത്തെ കാടും മുള്ളും കല്ലും ഒക്കെ മാറ്റി നിലം നല്ലവണ്ണം ഉഴുതു നിലമൊരുക്കിയിട്ടെ വിത്ത് (വചനം) വിതച്ചാൽ നല്ലൊരു വിളവ് (വിശ്വാസത്തിന്റെ അനുസരണം) വിതക്കാരന് പ്രതീക്ഷിക്കാവൂ. ആളുകളിലേക്ക് സുവിശേഷം അറിയിക്കുമ്പോൾ അവരുടെ ഹൃദയം ഒരുക്കേണ്ടതാവശ്യമെന്ന് ഇതിൽ നിന്നും വ്യക്തം.
ഒരു വാക്യം കൂടി പങ്കു വെച്ച് ഇവിടെ നിർത്തുന്നു.
അവയാൽ ഞങ്ങൾ സങ്കല്പങ്ങളും ദൈവത്തിന്റെ പരിജ്ഞാനത്തിന്നു വിരോധമായി പൊങ്ങുന്ന എല്ലാ ഉയർച്ചയും ഇടിച്ചുകളഞ്ഞു, ഏതു വിചാരത്തെയും ക്രിസ്തുവിനോടുള്ള അനുസരണത്തിന്നായിട്ടു പിടിച്ചടക്കി, (2 കൊരിന്ത്യർ 10:5)
കർത്താവായ യേശുക്രിസ്തുവിന്റെ നാമം മഹത്ത്വപ്പെടട്ടെ. ആമേൻ. 🙏