മൂന്ന് വിധ പ്രമാണ വ്യവസ്ഥകൾ

ഈ ബ്ലോഗ് പോസ്റ്റിലൂടെ എഴുതുവാൻ ആഗ്രഹിക്കുന്നത് മുഖ്യമായും ബൈബിളിൽ പരാമർശിക്കുന്ന മൂന്നു പ്രമാണ വ്യവസ്ഥകളെക്കുറിച്ചാണ്...


പ്രമാണങ്ങൾ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് നിയമ വ്യവസ്ഥകളുടെ പേരുകൾ ആണ്. അതിൽ തന്നെ ഓരോ പ്രമാണ വ്യവസ്ഥയിലും പല തരത്തിലുള്ള നിയമങ്ങൾ അഥവാ കല്പനകൾ കൊടുത്തിരിക്കുന്നത് കാണുവാൻ സാധിക്കും. 

ഉദാഹരണത്തിന്, ഓരോ രാജ്യത്തിനും അവരവരുടേതായ നിയമ വ്യവസ്ഥകൾ ഉണ്ടല്ലോ. ഈ നിയമ വ്യവസ്ഥകൾ മറ്റു രാജ്യങ്ങളുടേതുമായി താരതമ്യം ചെയ്യുമ്പോൾ വ്യത്യസ്തവും എതിരുമായ നിയമങ്ങളാൽ കൂട്ടിച്ചേർത്തതായി നമുക്ക് കാണുവാൻ സാധിക്കുന്നു. അതുപോലെ വചനത്തിൽ വ്യത്യസ്ത നിയമ വ്യവസ്ഥകൾ കാണുവാൻ സാധിക്കും. അതിനാൽ ഒരു അർത്ഥത്തിൽ നിയമം ആപേക്ഷികം ആണെന്ന് പറയുവാൻ കഴിയും. അതായത് ഒരു രാജ്യം അനുവദിക്കാത്ത കാര്യങ്ങൾ മറ്റൊരു രാജ്യത്ത് അനുവദനീയമായി കാണുവാൻ കഴിയും.

നാം സത്യവചനത്തിലെ നിയമ വ്യവസ്ഥയെ കുറിച്ചാണല്ലോ എഴുതുവാൻ ആരംഭിച്ചത്. 

നമുക്ക് ഓരോന്നായി അതിലേക്ക് കടക്കാം.

ഒന്നാമതായി യഹോവയുടെ തികവുള്ള ന്യായപ്രമാണം. രണ്ടാമതായി ദൈവത്തിന്റെ ന്യായപ്രമാണത്തിനോട് വിപരീതമായ പാപപ്രമാണം (പിശാചിന്റെ പ്രമാണം). മൂന്നാമതായി യേശുക്രിസ്തുവിന്റെ ജീവന്റെ ആത്മാവിന്റെ പ്രമാണം.

ഈ മൂന്ന് പ്രമാണങ്ങളെ ഏഴ് പേരുകളിലായി ബൈബിളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. 
  1. യഹോവയുടെ തികവുള്ള ന്യായപ്രമാണം (സങ്കീർത്തനങ്ങൾ 19:7)
  2. പാപപ്രമാണം (റോമർ 7:23)
  3. ജീവന്റെ ആത്മാവിന്റെ പ്രമാണം (റോമർ 8:2)
  4. മരണത്തിന്റെ പ്രമാണം (റോമർ 7:10)
  5. ക്രിസ്തുവിന്റെ ന്യായപ്രമാണം (1 കൊരിന്ത്യർ 9:21)
  6. സ്വാതന്ത്ര്യത്തിന്റെ ന്യായപ്രമാണം (യാക്കോബ് 1:25)
  7. രാജകീയന്യായപ്രമാണം (യാക്കോബ് 2:8)
തുടർന്ന് ഇതിനെക്കുറിച്ചുള്ള വിവരണങ്ങളോടെ നമുക്ക് നോക്കാം.

യഹോവയുടെ തികവുള്ള ന്യായപ്രമാണം മനുഷ്യന് ലഭിക്കുന്നത് മോശെ എന്ന പ്രവാചകനിലൂടെയാണ്. ബൈബിളിലെ പഴയ നിയമ പുസ്തകത്തിൽ നിന്നും ഏതൊരാൾക്കും ഈ നിയമങ്ങൾ വായിക്കാവുന്നതാണ്. യഹൂദ റബ്ബിമാരുടെ പാരമ്പര്യം അനുസരിച്ചു 613 കല്പനകൾ ഉള്ളതായി നമുക്ക് അറിയുവാൻ സാധിക്കും.

അതിൽ ആരാധനയോടു അനുബന്ധിച്ച നിയമങ്ങൾ ധാർമ്മിക നിയമങ്ങൾ സാമൂഹികപരമായിട്ടുള്ള  നിയമങ്ങൾ പരിസ്ഥിതിയെ സംബന്ധിച്ച നിയമങ്ങൾ മുതലായവ ഉണ്ട്. ദൈവത്തിന്റെ നീതി എങ്ങനെയുള്ളതെന്ന് ഈ കൊടുത്തിരിക്കുന്ന ന്യായപ്രമാണ എഴുത്തുകളിൽ നിന്നും തെളിവായി വരുന്നു. എഴുതപ്പെട്ട ഈ ന്യായപ്രമാണം വരുന്നതിന് മുൻപ് വാമൊഴിയായി ഓരോ സന്ദർഭത്തിൽ ദൈവം അല്പമായ കല്പനകൾ തിരഞ്ഞെടുക്കപ്പെട്ട വ്യക്തികൾക്ക് കൊടുത്തിരുന്നതായും വചനത്തിൽ നിന്നും വായിക്കാം. ആ നിയമങ്ങൾ വ്യക്തിപരമായിരുന്നു. മറിച്ച്, തികവുള്ള നിയമ വ്യവസ്ഥ ആയിരുന്നില്ല. ദൃഷ്ടാന്തമായി ലോത്ത്, നോഹ, അബ്രഹാം തുടങ്ങിയവരുടെ ജീവിതം പരിശോധിക്കാം.

ഈ എഴുതപ്പെട്ട ന്യായപ്രമാണത്തെ, മരണത്തിന്റെ പ്രമാണം എന്നും തിരുവെഴുത്തിൽ പ്രതിപാദിക്കുന്നുണ്ട്.

ഇങ്ങനെ ജീവന്നായി ലഭിച്ചിരുന്ന കല്പന എനിക്കു മരണ ഹേതുവായിത്തീർന്നു എന്നു ഞാൻ കണ്ടു. പാപം അവസരം ലഭിച്ചിട്ടു കല്പനയാൽ എന്നെ ചതിക്കയും കൊല്ലുകയും ചെയ്തു.(റോമർ 7:10-11)

ന്യായപ്രമാണം ആത്മികം എന്ന് വചനത്തിൽ തന്നെ പറയുമ്പോൾ അതിനെ മരണത്തിന്റെ പ്രമാണം എന്ന് പറയുന്നത് എങ്ങനെ?

അതിനു കാരണം പാപം (സാത്താൻ) ഒരു മനുഷ്യനിൽ വസിക്കുന്നു എന്നുള്ളതുകൊണ്ടാണ്. ദൈവത്തിന്റെ ന്യായപ്രമാണം ഒരു മനുഷ്യന്റെ ബുദ്ധിയിൽ ഉള്ളപ്പോൾ അത് അവനു പൂർണ്ണമായി അനുസരിക്കുവാൻ സാധിക്കുന്നില്ല.

മനുഷ്യനിൽ വസിക്കുന്ന പാപം, മനുഷ്യന്റെ മുകളിൽ കർത്തൃത്വം നടത്തുന്ന പാപം എന്ന യജമാനൻ; മനുഷ്യന്റെ ബുദ്ധിയിൽ ദൈവം കൊടുത്തിരിക്കുന്ന ന്യായപ്രമാണത്തെ ഒരു അവസരമായെടുത്ത് മനുഷ്യന് കൊടുത്ത ദൈവ നിയമങ്ങളെ ലംഘിപ്പിക്കുമാറാക്കുന്നു. അതുമൂലം അവൻ മരണത്തിനു അവകാശിയായിത്തീരുന്നു. പാപം ചെയ്യുന്ന ദേഹി മരിക്കും എന്നുള്ളതുകൊണ്ട്, ലംഘനം ചെയ്യുന്ന വ്യക്തി മരണത്തിനു അവകാശിയാണ് എന്നുള്ളതാണ് ദൈവിക മർമ്മം.

നിയമം വന്നപ്പോഴാണ് സാത്താന് അവസരം ലഭിച്ചത്. നിയമത്തിന്റെ അഭാവത്തിൽ അവസരമില്ല. അതിനാൽ തന്നെ മരണവും ഉണ്ടാകുന്നില്ല. ഏദെനിലും അപ്രകാരം തന്നെയാണ് സംഭവിച്ചത്. എന്നാൽ ന്യായപ്രമാണം വന്നു എങ്കിൽ പാപത്തിന് മരണം കൊണ്ടുവരുന്നതിൽ അവസരവും ഉണ്ട്.

ഇങ്ങനെ ജീവനായിട്ടു നൽകിയ ദൈവനിയമം, മനുഷ്യനിൽ വസിക്കുന്ന പാപം മൂലം ലംഘിക്കപ്പെടുമ്പോൾ മരണം ഉളവാകുന്നതുകൊണ്ടാണ് അതിനെ മരണത്തിന്റെ പ്രമാണം എന്നുംകൂടി പറയുന്നത്.

ഏദെനിൽവെച്ച് ദൈവം കൊടുത്ത 'തിന്നരുത്' എന്നുള്ള നിയമം, സാത്താൻ അവസരമായി കണ്ട് ഹവ്വായെ ഉപായത്താൽ ചതിച്ച് മനുഷ്യകുലത്തിനെ  മരണത്തിലേക്ക് നയിച്ചു എന്ന് നാം അറിയുന്നു. (അവിടെ പാമ്പ് പുറത്തു നിന്ന് പ്രവർത്തിച്ചു, ഇപ്പോൾ മനുഷ്യനിൽ വസിച്ച് പ്രവർത്തിക്കുന്നു.)

പിന്നെ എന്തിനാണ് ഇങ്ങനെ ഒരു ന്യായപ്രമാണം തരുന്നതിന്റെ ഉദ്ദേശ്യം എന്ന് ചോദിച്ചേക്കാം? അതുകൊണ്ട് ന്യായപ്രമാണത്തിന്റെ ആവശ്യകത നമുക്ക് നോക്കാം.

ഒരു കാര്യം മുന്നമേ പറയട്ടെ, ദൈവത്തിന്റെ നിയമങ്ങളുടെ നീതി എപ്പോഴും, ഏത് കാലത്തും നല്ലതു തന്നെ, അതു ചെയ്യുന്നവൻ അതിനാൽ ജീവിക്കും എന്ന് എഴുതിയിരിക്കുന്നുവല്ലോ, മരണം കാണുകയില്ലതാനും.

ഏദെനിൽ നടന്ന കല്പനാലംഘനത്തിന്റെ പരിണിതഫലമായി പാപത്തിന്റെ അധികാരത്തിൻ കീഴിൽ മനുഷ്യൻ വന്നതോടെ, ആ അധികാരത്തിൻ കീഴിൽ നിന്നുകൊണ്ടാണ് മനുഷ്യൻ ഭൂമിയിൽ വസിക്കുന്നത്.

ന്യായപ്രമാണം വരുന്നത് പാപത്തിൻ കീഴിൽ മനുഷ്യൻ അടെക്കപ്പെട്ടതിന് ശേഷമാണ്, മോശെയുടെ കാലത്ത്. പാപത്തിൻ കീഴിൽ അടെക്കപ്പെട്ട മനുഷ്യ വർഗ്ഗത്തിനാണ് ഈ നിയമം നൽകിയിട്ടുള്ളത് എന്ന് ഓർക്കാം.

ഈ അവസ്ഥയിലാണ് മനുഷ്യന് പൂർണ്ണതോതിൽ ദൈവ നിയമത്തിന്റെ നീതി പുറപ്പെടുവിക്കുവാൻകഴിയാതെ വരുന്നത്.

നിയമത്തിന് യാതൊരു കുറവും പ്രശ്നവും ഇല്ല, ന്യായപ്രമാണം വിശുദ്ധം; കല്പന വിശുദ്ധവും ന്യായവും നല്ലതും തന്നേ. അത് കൊടുത്തിരിക്കുന്ന മനുഷ്യനാണ് (ജഡത്തിനാണ്) പ്രശ്നം. അവനിൽ പാപം വസിക്കുന്നു എന്നുള്ളതുതന്നെ. ഇങ്ങനെയുള്ള പാപത്തിന്റെ വാസം ഒരു ബലഹീനതയായിട്ടാണ് വചനം വെളിപ്പെടുത്തുന്നത്.

ജഡത്താലുള്ള ബലഹീനതനിമിത്തം ന്യായപ്രമാണത്തിന്നു കഴിയാഞ്ഞതിനെ (സാധിപ്പാൻ ) ദൈവം തന്റെ പുത്രനെ പാപജഡത്തിന്റെ സാദൃശ്യത്തിലും പാപം നിമിത്തവും അയച്ചു, പാപത്തിന്നു ജഡത്തിൽ ശിക്ഷ വിധിച്ചു. (റോമർ 8:3)

അതിനാൽ തന്നെ ന്യായപ്രമാണം അനുസരിക്കുവാൻ കഴിയാത്ത മനുഷ്യന്, പാപക്ഷമ ലഭിക്കുന്നതിന് യാഗവഴിപാടുകൾ അർപ്പിക്കേണ്ടതുണ്ട്. എന്നാൽ യാഗവഴിപാടുകൾകൊണ്ട്  അവനിലുള്ള പാപത്തെ നീക്കുവാൻ സാധിക്കുന്നതല്ല. ചെയ്ത പ്രവർത്തിക്കു ക്ഷമ ലഭിക്കുന്നതെയുള്ളു. അങ്ങനെ പാപം നിലനിൽക്കത്തന്നെ മനുഷ്യൻ നീതികരിക്കപ്പെടുന്നു. അതായത് യാഗവഴിപാടിന് ശേഷവും പാപം (സാത്താൻ) മനുഷ്യനിൽ തന്നെ വസിക്കുന്നു എന്നർത്ഥം.

അതിനാൽ തുടർമാനമായി പാപങ്ങൾ സംഭവിക്കുന്ന മനുഷ്യർക്ക് തുടർമാനമായി യാഗങ്ങളും അർപ്പിക്കേണ്ടതായി വരുന്നു. 

ഗലാത്യർക്കുള്ള ലേഖനത്തിൽ മൂന്നാം അധ്യായത്തിന്റെ 21 മുതൽ 29 വരെയുള്ള വാക്യങ്ങൾ വായിച്ചാൽ ഇങ്ങനെ പാപത്തിന്റെ കീഴിൽ കിടക്കുന്ന മനുഷ്യന് ദൈവം നിയമം കൊടുത്തതിന്റെ ഉദ്ദേശ്യം മനസ്സിലാക്കാം.

വിശ്വാസം വരുംമുമ്പെ നമ്മെ വെളിപ്പെടുവാനിരുന്ന വിശ്വാസത്തിന്നായിക്കൊണ്ടു ന്യായപ്രമാണത്തിങ്കീഴ് അടെച്ചു സൂക്ഷിച്ചിരുന്നു. അങ്ങനെ നാം വിശ്വാസത്താൽ നീതീകരിക്കപ്പെടേണ്ടതിന്നു ന്യായപ്രമാണം ക്രിസ്തുവിന്റെ അടുക്കലേക്കു നടത്തുവാൻ നമുക്കു ശിശുപാലകനായി ഭവിച്ചു. (ഗലാത്യർ 3:23-24)

നിയമത്തിന്റെ അനുസരണത്താൽ അല്ല  മറിച്ച് യേശുക്രിസ്തുവിലെ വിശ്വാസത്താൽ (വിശ്വാസത്തിന്റെ അനുസരണത്താൽ) നീതീകരണം പ്രാപിക്കണം എന്ന ദൈവഹിതം ഓരോ മനുഷ്യരിലും നടപ്പാകണം എന്നുള്ളതുകൊണ്ടാണ് മറഞ്ഞിരുന്ന വിശ്വാസം വരുന്നതിനുമുമ്പ്, അതായത് യേശുവിന്റെ ക്രൂശുമരണത്തിലൂടെയുള്ള പാപപരിഹാരം വരുന്നതിന് മുൻപ് ദൈവം തന്റെ ജനത്തെ ന്യായപ്രമാണത്തിങ്കീഴ് അടെച്ചു സൂക്ഷിച്ചത്.

ബൈബിളിൽ യേശുവിന്റെ കാലത്ത് നടന്ന ഒരു സംഭവം നമുക്ക് നോക്കാം. അശുദ്ധത്മാവുള്ള ഒരു മനുഷ്യനെ യേശു സൗഖ്യമാക്കുന്ന ഒരു സംഭവം മർക്കൊസിന്റെ സുവിശേഷത്തിൽ 5ന്റെ 1 മുതൽ 20 വരെ കാണാം.

പലപ്പോഴും അവനെ വിലങ്ങും ചങ്ങലയുംകൊണ്ടു ബന്ധിച്ചിട്ടും അവൻ ചങ്ങല വലിച്ചുപൊട്ടിച്ചും വിലങ്ങു ഉരുമ്മി ഒടിച്ചും കളഞ്ഞു; ആർക്കും അവനെ അടക്കുവാൻ കഴിഞ്ഞില്ല. (മർക്കൊസ് 5:4)

“അശുദ്ധാത്മാവേ, ഈ മനുഷ്യനെ വിട്ടു പുറപ്പെട്ടുപോക” എന്നു യേശു കല്പിച്ചിരുന്നു. (മർക്കൊസ് 5:8)

അശുദ്ധാത്മാവുള്ള ഒരു മനുഷ്യനെ ചങ്ങല കൊണ്ട് ബന്ധിച്ചിരിക്കുന്നു. എന്നാൽ അവൻ പലപ്പോഴും ആ ചങ്ങല പൊട്ടിച്ചു തന്റെ ഇഷ്ടം നിവർത്തിക്കുന്നു. എന്നാൽ യേശു അവന്റെ ജീവിതത്തിലേക്ക് വന്നപ്പോൾ അവനു ചങ്ങലയുടെ ആവശ്യം പിന്നീട് വേണ്ടി വന്നില്ല; കാരണം അതിനു കാരണമായ അശുദ്ധാത്മാവിനെയാണ് യേശു അവനിൽ നിന്നും നീക്കിയത്.

ഇതുപോലെ നിയമത്തിന്റെ ബന്ധനം (ചങ്ങല) വേണ്ടത് ദോഷം പ്രവർത്തിക്കുന്ന പാപശരീരത്തിനാണ് (അശുദ്ധാത്മാവുള്ള മനുഷ്യന്). യേശുവിന്റെ ഇടപെടൽ മൂലം അശുദ്ധാത്മാവിന്റെ പ്രവർത്തനം നിലയ്ക്കുകയും ചങ്ങലയുടെ ആവശ്യം ഇല്ലാതെയുമായി.

മറ്റൊരു വീക്ഷണത്തിൽ കൂടി നമുക്ക് ഇതിനെ നോക്കാം. മനുഷ്യൻ ശിശുവായിരിക്കുന്ന കാലത്തു ശിശുവിന് അമ്മയുടെ മുലയിൽ നിന്നും പാലു കുടിക്കുന്നത് ആവശ്യമുള്ളതാണ്. വളർന്ന ശേഷം അത് ആവശ്യമില്ലാതെയായി മാറുന്നു, എന്നിരുന്നാലും തന്നെ മുലയൂട്ടുന്നതിൽ അമ്മയുടെ ത്യാഗവും സഹനവും അവൻ ഓർത്തുകൊണ്ട് അതിന്റെ ഗുണം പുറപ്പെടുവിക്കുവാൻ ബാധ്യതയുണ്ട്. ഇതുപോലെ യേശുക്രിസ്തുവിൽ വരുമ്പോൾ ഒരുവൻ പൂർണ്ണ വളർച്ച പ്രാപിച്ച മനുഷ്യന് തുല്യം, ശിശുവിന് ഒഴിച്ചുകൂടാനാകാതെ വേണ്ടിയിരുന്ന പാൽ (ന്യായപ്രമാണ വ്യവസ്ഥ) അവിടെ ആവശ്യം ഇല്ല. നിയമത്തിന്റെ നീതിയത്രെ (പാലിന്റെ ഗുണം) യേശുക്രിസ്തുവിലെ വിശ്വാസത്താൽ മനുഷ്യനിൽ നിന്നും പുറപ്പെടേണ്ടുന്നത്.

ജഡത്തെയല്ല ആത്മാവിനെ അത്രേ അനുസരിച്ചു നടക്കുന്ന നമ്മിൽ ന്യായപ്രമാണത്തിന്റെ നീതി നിവൃത്തിയാകേണ്ടതിന്നു തന്നേ. (റോമർ 8:4)

അപ്പോൾ ക്രിസ്തുവിൽ ഇതിനെല്ലാം അവസാനം വരുന്നു എന്ന് നാം കാണുന്നു. അതിലേക്കു നാം കടക്കുന്നതിന് മുമ്പായി, മനുഷ്യനിലുള്ള പാപപ്രമാണത്തെക്കുറിച്ച് നാം മനസ്സിലാക്കേണ്ടതുണ്ട്.

ദൈവത്തിന്റെ നീതിക്കെതിരായിട്ടുള്ള പാപപ്രമാണം (പിശാചിന്റെ നിയമങ്ങൾ) മനുഷ്യന്റെ അവയവങ്ങളിൽ വ്യാപരിക്കുന്ന ഒന്നാണ്.

എങ്കിലും എന്റെ ബുദ്ധിയുടെ പ്രമാണത്തോടു പോരാടുന്ന വേറൊരു പ്രമാണം ഞാൻ എന്റെ അവയവങ്ങളിൽ കാണുന്നു; അതു എന്റെ അവയവങ്ങളിലുള്ള പാപപ്രമാണത്തിന്നു എന്നെ ബദ്ധനാക്കിക്കളയുന്നു. (റോമർ 7:23

മനുഷ്യനിൽ പാപം കർത്തൃത്വം നടത്തുന്നു എന്ന് പറഞ്ഞുവല്ലോ, മനുഷ്യനിൽ കർത്തൃത്വം നടത്തുന്ന പാപത്തിന്റെ പ്രമാണത്തെയാണ് നാം പാപപ്രമാണം എന്ന് പറയുന്നത്. ഈ പാപപ്രമാണമാകട്ടെ കൊടുത്തിരിക്കുന്നത് മനുഷ്യന്റെ ശരീരത്തിലാണ്, അവന്റെ എല്ലാ അവയവങ്ങളിലും ഈ പ്രമാണത്തിന് സ്വാധീനം ഉണ്ട്. 

ദൈവത്തിന്റെ ന്യായപ്രമാണം ഇരിക്കുന്നത് ഒരു മനുഷ്യന്റെ ബുദ്ധിയിലാണ്, ആ ബുദ്ധിയുടെ പ്രമാണത്തോടു പോരാടുന്ന വേറൊരു പ്രമാണമായിട്ടാണ് പാപത്തിന്റെ പ്രമാണത്തെ ദൈവവചനം പരിചയപ്പെടുത്തുന്നത്.

ദൈവത്തിന്റെ തികവുള്ള പ്രമാണത്തോടു പോരാടുന്നത് പുറത്തു നിന്നുകൊണ്ടല്ല, മറിച്ച് മനുഷ്യന്റെ അവയവങ്ങളിൽ വസിച്ചുകൊണ്ടാണ് പാപം തന്റെ പ്രമാണത്തിന്റെ ലക്ഷ്യം നിവർത്തീകരിക്കുന്നത്.

ഇങ്ങനെയുള്ള ശരീരത്തിൽ വസിക്കുന്ന മനുഷ്യനിൽ നിന്നും പാപപ്രമാണം പുറപ്പെടുവിക്കുന്ന ഫലങ്ങൾ ദൈവനിയമത്തിന്റെ നീതിക്ക് എതിരാകുന്നു. മാത്രമല്ല അത് നിയമത്തിന്റെ ലംഘനത്തിന് കാരണമാകുന്നു.

ജഡത്തിന്റെ പ്രവൃത്തികളോ ദുർന്നടപ്പു, അശുദ്ധി, ദുഷ്കാമം, വിഗ്രഹാരാധന, ആഭിചാരം, പക, പിണക്കം, ജാരശങ്ക, ക്രോധം, ശാഠ്യം, ദ്വന്ദ്വപക്ഷം, ഭിന്നത, അസൂയ, മദ്യപാനം, വെറിക്കൂത്തു മുതലായവ എന്നു വെളിവാകുന്നു; ഈ വക പ്രവർത്തിക്കുന്നവർ ദൈവരാജ്യം അവകാശമാക്കുകയില്ല എന്നു ഞാൻ മുമ്പെ പറഞ്ഞതുപോലെ ഇപ്പോഴും നിങ്ങളോടു മുൻകൂട്ടി പറയുന്നു. (ഗലാത്യർ 5:19-21)

ഇവയെല്ലാം ന്യായപ്രമാണത്തിന് എതിരാകുന്നു. ഇതെല്ലാം തന്നെ ഒരു മനുഷ്യനെ മരണത്തിലേക്ക് നയിക്കുവാൻ ഇടയാക്കുന്നു.

ഇതിൽ നിന്നും ഒരു മനുഷ്യന് എങ്ങനെ രക്ഷ നേടാനാകും എന്നുള്ള ചോദ്യത്തിന് ഉത്തരമായിട്ടാണ് യേശുക്രിസ്തുവിന്റെ ജീവന്റെ ആത്മാവിന്റെ പ്രമാണം കടന്നുവരുന്നത്.

ദൈവന്യായപ്രമാണം അനുസരിച്ചില്ലെങ്കിൽ അത് നമുക്ക് ശാപമായി തീരുന്നു എന്ന് കണ്ടല്ലോ. അത് ഏതെങ്കിലും ഒരു നിയമലംഘനമാണെങ്കിൽ പോലും... ശാപമായി തീരുന്നതിന് കാരണമാകട്ടെ, മനുഷ്യ അവയവങ്ങളിൽ കാണുന്ന പാപപ്രമാണമാണ്.

ഈ രണ്ടു വിധത്തിലുള്ള നിയമങ്ങളിൽ നിന്നും നമുക്ക് സ്വാതന്ത്ര്യം നൽകുന്ന പ്രമാണമാണ് യേശുക്രിസ്തുവിന്റെ ജീവന്റെ ആത്മാവിന്റെ പ്രമാണം. കാരണം ജഡം വിശ്വാസത്താൽ നീക്കപ്പെട്ടു എന്നുള്ളതുതന്നെ.

ജീവന്റെ ആത്മാവിന്റെ പ്രമാണം എനിക്കു പാപത്തിന്റെയും മരണത്തിന്റെയും പ്രമാണത്തിൽനിന്നു ക്രിസ്തുയേശുവിൽ സ്വാതന്ത്ര്യം വരുത്തിയിരിക്കുന്നു. (റോമർ 8:2)

ക്രിസ്തുയേശുവിന്നുള്ളവർ ജഡത്തെ അതിന്റെ രാഗമോഹങ്ങളോടും കൂടെ ക്രൂശിച്ചിരിക്കുന്നു. (ഗലാത്യർ 5:24

യേശുക്രിസ്തുവിന്റെ ഈ പ്രമാണത്തെ ക്രിസ്തുവിന്റെ ന്യായപ്രമാണം എന്നും സ്വാതന്ത്ര്യത്തിന്റെ തികഞ്ഞ ന്യായപ്രമാണം എന്നും രാജകീയന്യായപ്രമാണം എന്നും വിശേഷിപ്പിക്കുന്നു.

മറ്റു രണ്ട് നിയമവ്യവസ്ഥയിൽനിന്നും ഇതിനെ വ്യത്യസ്തമാക്കുന്ന ഒരു ഘടകം എന്താണ്? അത്, അതായത്, ഈ വ്യവസ്ഥയിൽ ആകെ ഒരു നിയമമേ പരാമർശിച്ചിട്ടുള്ളു എന്നുള്ളതാണ്.

ദൈവന്യായപ്രമാണത്തിന്റെ നീതി മനുഷ്യനിൽ നിന്നും പൂർണ്ണമായി പുറപ്പെടുവിക്കുവാൻ ഉതകുന്ന തരത്തിലുള്ളതാണ് യേശുക്രിസ്തുവിന്റെ ഈ ന്യായപ്രമാണം. അതെന്താണ്? അത്, വിശ്വാസം അനുസരിച്ച് ഒരോ വിശ്വാസിയും ജീവിക്കുക എന്നുള്ളതുതന്നെ.

അപ്പോൾ എന്താണ് വിശ്വാസം?

അതിൽ പാപിയായ ഒരു മനുഷ്യന്റെ അഥവാ പാപം വസിക്കുന്ന ജഡത്തിന്റെ മരണം വിശ്വാസത്താൽ യേശുക്രിസ്തുവിനോടൊപ്പം ക്രൂശിക്കപ്പെടുന്നതിലൂടെയാണ് സംഭവിക്കുന്നത്. അങ്ങനെ വിശ്വാസത്താൽ മരിക്കുന്ന ഏതൊരുവനും പാപത്തിൽ നിന്നും സ്വാതന്ത്ര്യം (മോചനം) പ്രാപിക്കുന്നു. ഇതാകുന്നു യേശു അരുളിച്ചെയ്ത ആ പുതിയനിയമം. പാപത്തിൽ നിന്നും മോചിക്കപ്പെടുവാൻ ഉതകുന്ന ജീവന്റെ നിയമം. ചുരുക്കമായി ആ ഒരൊറ്റ നിയമം ഇങ്ങനെ മനസ്സിലാക്കാം, അതായത് ആ ഒരൊറ്റ നിയമമായ വിശ്വാസത്തിന്റെ അനുസരണം തന്നെ.

നാം ഇനി പാപത്തിന്നു അടിമപ്പെടാതവണ്ണം പാപശരീരത്തിന്നു നീക്കം വരേണ്ടതിന്നു നമ്മുടെ പഴയ മനുഷ്യൻ അവനോടുകൂടെ ക്രൂശിക്കപ്പെട്ടു എന്നു നാം അറിയുന്നു. അങ്ങനെ മരിച്ചവൻ പാപത്തിൽ നിന്നു മോചനം പ്രാപിച്ചിരിക്കുന്നു. (റോമർ 6:6-7)

ദൈവന്യായപ്രമാണത്തിന്റെ നീതി പുറപ്പെടുവിക്കാൻ കഴിയാതെയിരുന്നത് മനുഷ്യ അവയവങ്ങളിൽ വസിച്ചിരുന്ന പാപം നിമിത്തമാണ്. അങ്ങനെയുള്ള ഈ പാപശരീരത്തിന്റെ നീക്കപ്പെടൽ അഥവാ ക്രൂശിക്കപ്പെട്ടുള്ള മരണം, വിശ്വാസത്താൽ ക്രിസ്തുയേശുവിനോട് കൂടെ അനുഭവിക്കുമ്പോൾ സംഭവിക്കുന്നതാണ്.

അതൊരു ആക്ഷരീകമായ മരണമല്ല, വിശ്വാസത്താൽ ക്രിസ്തുവിനോട് കൂടെ ക്രൂശിക്കപ്പെട്ടുള്ള മരണമാണ്. അങ്ങനെ വിശ്വാസത്താൽ മരിച്ചവൻ പാപത്തിൽ നിന്നും മോചനം പ്രാപിച്ചിരിക്കുന്നു.

പഴയനിയമവ്യവസ്ഥ അനുസരിച്ച് രക്തം ചൊരിഞ്ഞിട്ടല്ലാതെ വിമോചനം ഇല്ല. അതിനാലാണ് ജീവജാലങ്ങളിൽ ചിലതിന്റെ രക്തം പാപപരിഹാരത്തിനായി ഉപയോഗിച്ചിരുന്നത്. ഇത് ക്രിസ്തുവിന്റെ ശരീരയാഗത്തിന്റെ നിഴലായിരുന്നു. എന്നാൽ യേശുക്രിസ്തുവിന്റെ ക്രൂശുമരണത്തിലൂടെ ജീവന്റെ പുതുവഴി തുറന്നപ്പോൾ നിത്യമായി നിലനിൽക്കുന്ന ക്രിസ്തുവിന്റെ പുതിയനിയമത്തിന്റെ രക്തത്താൽ മനുഷ്യൻ ഒരിക്കലായി പൂർണ്ണമായി എന്നേക്കുമായി ശുദ്ധനാവുക എന്നുള്ളതാണ് ദൈവേഷ്ടം. അങ്ങനെ യാഗവഴിപാടുകൾ ആവശ്യമില്ലാത്ത ഒരു പുതിയ ജനനം മനുഷ്യർക്ക് ക്രിസ്തുവിലൂടെ ലഭിക്കുന്നു.

അവനെ കൈക്കൊണ്ടു അവന്റെ നാമത്തിൽ വിശ്വസിക്കുന്ന ഏവർക്കും ദൈവമക്കൾ ആകുവാൻ അവൻ അധികാരം കൊടുത്തു. അവർ രക്തത്തിൽ നിന്നല്ല, ജഡത്തിന്റെ ഇഷ്ടത്താലല്ല, പുരുഷന്റെ ഇഷ്ടത്താലുമല്ല, ദൈവത്തിൽ നിന്നത്രേ ജനിച്ചതു. (യോഹന്നാന്‍ 1:12-13)

ഇങ്ങനെ വിശ്വാസത്താൽ പാപം നീക്കപ്പെടുന്ന മനുഷ്യൻ ക്രിസ്തുവിനോട് കൂടെ മരിച്ചതുപോലെ അവനോടു കൂടെ ജീവിക്കും എന്നുള്ള വചനപ്രകാരം വീണ്ടുംജനന അനുഭവത്തിലേക്ക് കടക്കുന്നു. അങ്ങനെയുള്ളവർ ആത്മാവിൽനിന്നും (Holy Spirit) ജനിച്ച ആത്മാവ് (Soul, ദേഹി) ആകുന്നു എന്ന് വചനം നമ്മെ പഠിപ്പിക്കുന്നു. ആത്മികനായ മനുഷ്യൻ പിന്നെ ആത്മാവിന്റെ ഫലങ്ങൾ മാത്രമേ പുറപ്പെടുവിക്കുകയുള്ളു. കാരണം അവന്റെ ജഡം (പാപശരീരം) അവന്റെ വിശ്വാസത്തിൽ മരിച്ചു എന്ന് അവൻ വിശ്വസിക്കുന്നുവല്ലോ!

നീ വിശ്വസിച്ചതുപോലെ നിനക്ക് ഭവിക്കട്ടെ എന്ന് നമ്മുടെ ഗുരുവും  അരുളിച്ചെയ്തിട്ടുണ്ടല്ലോ.

ആത്മാവിന്റെ ഫലമോ: സ്നേഹം, സന്തോഷം, സമാധാനം, ദീർഘക്ഷമ, ദയ, പരോപകാരം, വിശ്വസ്തത, സൌമ്യത, ഇന്ദ്രിയജയം; ഈ വകെക്കു വിരോധമായി ഒരു ന്യായപ്രമാണവുമില്ല. (ഗലാത്യർ 5:22-23)

ഇങ്ങനെയുള്ളവന്റെ മുകളിൽ മരണത്തിന് അവകാശം ഉണ്ടാവുകയുമില്ല, എന്നുമാത്രമല്ല യേശുക്രിസ്തുവിൽ അവൻ പരിപൂർണ്ണനായിരിക്കുന്നു. അങ്ങനെ ദൈവനിയമത്തിന്റെ നീതി പൂർണ്ണതോതിൽ അവനു വിശ്വാസത്തിന്റെ അനുസരണത്തിലൂടെ പുറപ്പെടുവിക്കുവാൻ സാധിക്കുന്നു. 

പിന്നെത്തേതിൽ അവൻ ഈ ലോകത്തിൽ വസിക്കുന്നത് യേശുക്രിസ്തുവിലുള്ള വിശ്വാസം മുറുകെ പിടിച്ചുകൊണ്ടാണ്.

ഞാൻ ക്രിസ്തുവിനോടുകൂടെ ക്രൂശിക്കപ്പെട്ടിരിക്കുന്നു; ഇനി ജീവിക്കുന്നതു ഞാനല്ല ക്രിസ്തുവത്രേ എന്നിൽ ജീവിക്കുന്നു; ഇപ്പോൾ ഞാൻ ജഡത്തിൽ ജീവിക്കുന്നതോ എന്നെ സ്നേഹിച്ചു എനിക്കു വേണ്ടി തന്നെത്താൻ ഏല്പിച്ചുകൊടുത്ത ദൈവപുത്രങ്കലുള്ള വിശ്വാസത്താലത്രേ ജീവിക്കുന്നതു (ഗലാത്യർ 2:20)

യേശുക്രിസ്തുവിലുള്ള വിശ്വാസത്താലുള്ള ജീവിതം നയിക്കുന്ന വ്യക്തി, ആത്മാവിന്റെ ഫലങ്ങൾ പുറപ്പെടുവിക്കട്ടെ. അതായത് തന്റെ  പ്രവർത്തികളിലൂടെ സംഭവിക്കുന്നത് ദൈവഹിതമാണെന്ന് വചനപ്രകാരം തെളിഞ്ഞു വരട്ടെ. നീ വിശ്വസിച്ചതു പോലെ നിനക്കു ഭവിക്കട്ടെ എന്ന് നമ്മുടെ കർത്താവ് പറഞ്ഞുവല്ലോ. 

പാപപരിഹാരം വിശ്വാസത്താൽ നേടുകയും അങ്ങനെ നേടിയതിന്റെ ഫലം ജീവിതത്തിലൂടെ പുറപ്പെടുവിക്കുകയും ചെയ്യുവാൻ മനുഷ്യർക്ക് കഴിയുമെന്ന് അവിടുത്തെ വാക്കുകളിൽനിന്നു തന്നെ വെളിപ്പെട്ടു വരുന്നുണ്ട്.

മറ്റൊരു അവസരത്തിൽ അവിടുന്ന് ഇങ്ങനെ അരുളിച്ചെയ്തു "നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു". മറ്റൊരിടത്തു ഇങ്ങനെയും കാണാം; നീ വിശ്വസിച്ചാൽ ദൈവത്തിന്റെ മഹത്വം കാണും.

വിശ്വാസത്താൽ ഒരു നല്ല ജീവിതം നയിക്കുന്നവർക്ക്, വിശ്വാസത്താൽ പാപങ്ങളിൽ നിന്ന് രക്ഷിക്കപ്പെടുന്നവർക്ക്, ദൈവത്തിന്റെ മഹത്വം കാണുവാൻ കഴിയുമെന്ന് സങ്കീർത്തനക്കാരനും രേഖപ്പെടുത്തിയിരിക്കുന്നു.

നിന്റെ ആലോചനയാൽ നീ എന്നെ നടത്തും; പിന്നെത്തേതിൽ മഹത്വത്തിലേക്കു എന്നെ കൈക്കൊള്ളും. (സങ്കീർത്തനങ്ങൾ 73:24)

മഹത്വത്തിലേക്ക് പ്രവേശിക്കുവാൻ അതിനായി വിശ്വാസത്താൽ ജീവിക്കുവാൻ കർത്താവായ യേശുക്രിസ്തുവിന്റെ വചനങ്ങളിലൂടെ ദൈവം എല്ലാവരെയും സഹായിക്കട്ടെ.

വിശ്വപ്രസിദ്ധമായ ഈ വാക്യം ഇവിടെചേർക്കട്ടെ.

തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന്നു ദൈവം അവനെ നല്കുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു. (യോഹന്നാന്‍ 3:16)

ഇനി മറ്റൊരു വാക്യം ഉദ്ധരിച്ചുകൊണ്ട് ഈ ചെറു ലേഖനത്തിന് വിരാമം ഇടാം.

എന്നാൽ അല്പകാലത്തേക്കു കഷ്ടം സഹിക്കുന്ന നിങ്ങളെ ക്രിസ്തുവിൽ തന്റെ നിത്യതേജസ്സിന്നായി വിളിച്ചിരിക്കുന്ന സർവ്വകൃപാലുവായ ദൈവം തന്നേ യഥാസ്ഥാനപ്പെടുത്തി ഉറപ്പിച്ചു ശക്തീകരിക്കും. (1 പത്രൊസ് 5:10)

പ്രിയ ദൈവമക്കളെ, യേശു അരുളിച്ചെയ്തതുപോലെ, പൌലൊസ് പറഞ്ഞതുപോലെ, നമുക്ക് വിശ്വാസത്താൽ ജീവിക്കാം. കർത്താവിലുള്ള കൃപയോട് കൂടിയ വിശ്വാസവും സ്നേഹവും കൂടെയിരിക്കട്ടെ. ആമേൻ. 🙏
Post a Comment (0)
Previous Post Next Post