ഹാബേലിന്റെ വഴിപാടിൽ പ്രസാദിച്ച ദൈവം

ഈ ബ്ലോഗിൽ നമുക്ക് ഹാബേലിന്റെ വഴിപാടിൽ ദൈവം പ്രസാദിച്ച സംഭവം നോക്കാം.

ഉല്പത്തി പുസ്തകം 4-ആം അധ്യായം തുടക്കം മുതൽ വായിക്കുമ്പോൾ ഈ കാര്യം നമുക്ക് കാണാം. 

ഹാബെലും ആട്ടിൻ കൂട്ടത്തിലെ കടിഞ്ഞൂലുകളിൽനിന്നു, അവയുടെ മേദസ്സിൽനിന്നു തന്നേ, ഒരു വഴിപാടു കൊണ്ടുവന്നു. യഹോവ ഹാബെലിലും അവന്റെ വഴിപാടിലും പ്രസാദിച്ചു. (ഉല്‍‍പത്തി 4:4)
 
കയീനിലും അവന്റെ വഴിപാടിലും പ്രസാദിച്ചില്ല. കയീന്നു ഏറ്റവും കോപമുണ്ടായി, അവന്റെ മുഖം വാടി. (ഉല്‍‍പത്തി 4:5)

ഇതെന്തുകൊണ്ടാണ് ദൈവം ഹാബെലിലും അവന്റെ വഴിപാടിലും പ്രസാദിക്കുകയും അതേസമയം കയീനിലും അവന്റെ വഴിപാടിലും പ്രസാദിക്കാത്തതെന്ന് പഴയ നിയമം വായിക്കുമ്പോൾ ഒരു മനുഷ്യന് ചിലപ്പോൾ മനസിലാക്കുവാൻ സാധിച്ചെന്നു വരില്ല.

പക്ഷെ, ഒരു കാര്യം പഴയ നിയമത്തിൽ നിന്നും മനസിലാക്കാവുന്നതാണ്. അത് കയീൻ നന്മ ചെയ്തിട്ടില്ലെന്നുള്ളതാണ്.

എന്നാറെ യഹോവ കയീനോടു: നീ കോപിക്കുന്നതു എന്തിന്നു? നിന്റെ മുഖം വാടുന്നതും എന്തു? നീ നന്മചെയ്യുന്നു എങ്കിൽ പ്രസാദമുണ്ടാകയില്ലയോ? നീ നന്മ ചെയ്യുന്നില്ലെങ്കിലോ പാപം വാതിൽക്കൽ കിടക്കുന്നു; അതിന്റെ ആഗ്രഹം നിങ്കലേക്കു ആകുന്നു; നീയോ അതിനെ കീഴടക്കേണം എന്നു കല്പിച്ചു. (ഉല്‍‍പത്തി 4:6-7)

ഇനി നമുക്ക് പുതിയനിയമത്തിലേക്കു നോക്കാം.

വിശ്വാസത്താൽ ഹാബേൽ ദൈവത്തിന്നു കയീന്റേതിലും ഉത്തമമായ യാഗം കഴിച്ചു; അതിനാൽ അവന്നു നീതിമാൻ എന്ന സാക്ഷ്യം ലഭിച്ചു; ദൈവം അവന്റെ വഴിപാടിന്നു സാക്ഷ്യം കല്പിച്ചു. മരിച്ചശേഷവും അവൻ വിശ്വാസത്താൽ സംസാരിച്ചുകൊണ്ടിരിക്കുന്നു. (എബ്രായർ 11:4) 
 
ഇതിൽ നിന്നും മനസിലാകുന്നത് ഹാബേൽ വിശ്വാസത്താൽ ആണ് ദൈവത്തിന് യാഗം കഴിച്ചത് എന്നാണ്. ഇനി അതിനടുത്ത മറ്റൊരു വാക്യം കൂടി വായിക്കുമ്പോൾ നമുക്ക് കാണുന്നത് വിശ്വാസം കൂടാതെ ദൈവത്തെ പ്രസാദിപ്പാൻ കഴിയുന്നതല്ല എന്നാണ്.

എന്നാൽ വിശ്വാസം കൂടാതെ ദൈവത്തെ പ്രസാദിപ്പിപ്പാൻ കഴിയുന്നതല്ല; ദൈവത്തിന്റെ അടുക്കൽ വരുന്നവൻ ദൈവം ഉണ്ടു എന്നും തന്നെ അന്വേഷിക്കുന്നവർക്കു പ്രതിഫലം കൊടുക്കുന്നു എന്നും വിശ്വസിക്കേണ്ടതല്ലോ. (എബ്രായർ 11:6)

ഇതിൽ നിന്നും നമുക്ക് മനസിലാകുന്നത് വിശ്വാസം ആണ് പ്രധാനം എന്നാണ്. അതുകൊണ്ടാണ് ദൈവം ഹാബേലിലും അവന്റെ യാഗത്തിലും പ്രസാദിക്കുവാനുള്ള കാരണവും.
Post a Comment (0)
Previous Post Next Post